സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കന്യകുമാരി കടലിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന 22 ന് ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനും ഇത് 48 മണിക്കൂറിൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതേ തുടർന്നാണ് മഴ ശക്തമാകുന്നത്.
ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment