കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വിജിലിനെ സരോവാരത്ത് ചതുപ്പിൽ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകുന്നേരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ച് തെളിവെടുക്കും. മരിച്ച വിജിലിന്റെ ബൈക്കും മൊബൈലും കണ്ടെത്താനാണ് പരിശോധന.
പ്രതികൾ ഇത് ഉപേക്ഷിച്ചെന്നാണ് മൊഴി നൽകിയത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴി. സരോവരത്ത് മൃതദേഹം കുഴിച്ചിട്ടു. തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. എട്ട് മാസത്തിന് ശേഷം സ്ഥലത്തെത്തിയ പ്രതികൾ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടുത്ത് കടലിൽ ഒഴുക്കിയെന്നാണ് മൊഴി. കേസിലെ ഒരു പ്രതി ഇപ്പോൾ ഒളിവിലാണ്.
സ്വന്തം കൂട്ടുകാർ തന്നെ മകനോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് കോഴിക്കോട് സരോവരത്ത് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ വിജിലിന്റെ അച്ഛൻ വിജയൻ പറഞ്ഞു. വിജിലിന്റെ കൂടെ പഠിച്ചവരാണ് രണ്ട് പ്രതികൾ. ഇവർ വീട്ടിൽ വന്ന് താമസിക്കാറും, ഒന്നിച്ചു ഭക്ഷണം കഴിക്കാറുമുണ്ട്. വിജിലിനെ കാണാതായപ്പോൾ ഇവരോട് അന്വേഷിച്ചിരുന്നെന്നും, അറിയില്ലെന്നാണ് മറുപടി നൽകിയതെന്നും കുടുംബം പറയുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവർ ശ്രമിച്ചെന്നും, പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിജില്‍ തിരോധാന കേസിന്‍റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറാകാണ്ടെന്ന വിവരം പോലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോൺ ലൊക്കേഷന്‍ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം സുഹൃത്തുക്കളിലേക്കായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു സമ്മതിച്ചു.
എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത് എന്നിവര്‍ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നു. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവര്‍ ഒത്തു ചേര്‍ന്നു. നിഖിലാണ് ബ്രൗണ്‍ഷുഗര്‍ വിജിലിന് കുത്തിവെച്ചത്. അമിത അളവില്‍ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജില്‍ ബോധരഹിതനായി. പിന്നാലെ വിജില്‍ മരിച്ചെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ ശേഷം സ്ഥലം വിട്ടുവെന്നായിരുന്നു മൊഴി. എന്നാൽ കൊലപാതകമെന്ന് സംശയിക്കുന്നുവെന്നാണ് ഇപ്പോൾ കുടുംബം ആരോപിക്കുന്നത്.
Post a Comment