മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് നാളെ ഒരു വയസ്സ്. പുത്തുമലയില്‍ നാളെ സര്‍വമത പ്രാര്‍ത്ഥനയും, അനുസ്മരണ സമ്മേളനവും നടക്കും.

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് നാളെ ഒരു വയസ്സ്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ട് ഗ്രാമങ്ങളെയൊന്നാകെ തുടച്ചു നീക്കിയ മഹാദുരന്തമുണ്ടായത് കഴിഞ്ഞ ജൂലൈ 30 നാണ്. അതിജീവിതർക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന  മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.

ഉരുള്‍പൊട്ടല്‍‍ അതിജീവിതര്‍ക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിലെ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. അഞ്ച് സോണുകളിലായി 1000 ചതുരശ്രയടിയിൽ നിർമ്മിക്കുന്ന 410 വീടുകള്‍ പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധമാണ് തയ്യാറാക്കുന്നത്. കാണാതായ 32 പേര്‍ ഉള്‍പ്പെടെ 298 പേര്‍ ദുരന്തത്തിൽ മരണമടഞ്ഞതായാണ് ഔദ്യോഗിക കണക്കുകള്‍. 

മരണമടഞ്ഞ 220 പേരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി ആറ് ലക്ഷം വീതം സംസ്ഥാന സര്‍ക്കാര്‍ ഇതിനകം വിതരണം ചെയ്തു. 2300 -ഓളം പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. ഉരുള്‍പൊട്ടല്‍ ബാക്കിവച്ച വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്ക് നടുവിലും അതിജീവനത്തിന്‍റെ പാതയിലാണ് മുണ്ടക്കൈ ചൂരല്‍മല നിവാസികള്‍. കേരളത്തെ നടുക്കിയ  മഹാദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പുത്തുമലയില്‍ നാളെ സര്‍വമത പ്രാര്‍ത്ഥനയും, അനുസ്മരണ സമ്മേളനവും നടക്കും.

Post a Comment

Previous Post Next Post