കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇടുക്കി ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും പാറ അടർന്നു വീണു. ബുധനാഴ്ച പുലർച്ചെയാണ് വലിയ പാറ റോഡിലേക്ക് പതിച്ചത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. പാറ വീണ ഭാഗത്ത് ടാറിങ് ഇളകിയിട്ടുണ്ട്. രാവിലെ പത്തരയോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറക്കഷണം റോഡിൽനിന്ന് മാറ്റി.
മഴക്കാലം തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് ഗ്യാപ് റോഡിലേക്ക് പാറ വീഴുന്നത്. കോടമഞ്ഞും മഴയും മൂലം ഇവിടെ റോഡിൽ കാഴ്ച കുറവാണ്. കൂടാതെ മലയിടിച്ചിൽ തുടരുകയും ചെയ്യുന്നതിനാൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. ജില്ലയിൽ ഏറ്റവും ദുർബലമായ റോഡാണ് ഗ്യാപ് ഭാഗം.
റോഡ് നിർമാണം പൂർത്തിയാക്കിയ ശേഷം എല്ലാ മഴയത്തും മലയിൽ നിന്ന് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. റോഡ് നിർമാണ വേളയിൽ പാറ ഖനനം ലക്ഷ്യമാക്കി കരാറുകാർ പ്രവർത്തിച്ചതാണ് ഇവിടെ മല ദുർബലമാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
Post a Comment