ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം മാതൃകാപരം: തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം മാതൃകാപരമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച റിസോഴ്‌സ് പേഴ്സണ്‍മാര്‍ക്കുള്ള ത്രിദിന ആര്‍.പി. പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പരിപൂര്‍ണ്ണ അടിസ്ഥാന സാക്ഷരതയോടൊപ്പം ഡിജിറ്റല്‍ സാക്ഷരത കൂടി കൈവരിക്കാന്‍ മുതിര്‍ന്നവരെ സഹായിക്കുന്ന പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.

നടക്കാവ് ഗവ.ഗേള്‍സ്  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. 

സാക്ഷരതാ മിഷന്‍ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. കീ റിസോഴ്സ് പേഴ്സണ്‍മാരായ എം.ഡി വല്‍സല, മോഹന്‍കുമാര്‍ എം.കെ, വിജയന്‍.കെ, പുഷ്പ പ്രകാശ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ് സ്വാഗതവും ഓഫീസ് അസിസ്റ്റന്റ് വി.എം ബാല ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post