സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊടുവള്ളിക്കാരൻ മമ്മിക്ക

അറുപതാം വയസില്‍ നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച് പുത്തൻ സ്റ്റൈയിലിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് കൊടുവള്ളിക്കാരൻ മമ്മിക്ക.

കൂലിപണിയും കഴിഞ്ഞ് മീനും വാങ്ങി ലുങ്കിയും ഷര്‍ട്ടും ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മമ്മിക്ക നാട്ടുകാർക്ക് സുപരിചിതനാണ്, എന്നാൽ ഒരു നിമിഷം കൊണ്ടാണ് ഐപാഡും പിടിച്ച് കോട്ടും സ്യൂട്ടും ധരിച്ച് നില്‍ക്കുന്ന മമ്മിക്ക നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്. 

ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായി അണിയറപ്രവര്‍ത്തകര്‍ മമ്മിക്കയെ മോഡലാക്കിയതോടെയാണ് മമ്മിക്ക നാട്ടുകാർക്ക് മുൻപിൽ പുത്തൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.ഫോട്ടോഗ്രാഫര്‍ ഷരീഖ് വയലിലാണ് മമ്മിക്കയിലെ മോഡലിനെ കണ്ടെത്തിയതും അത് ഇത്രയും ഗംഭീര ഫോട്ടോഷൂട്ടാക്കി മാറ്റിയതും. മമ്മിക്കയുടെ മേക്കോവറിന്റെ വീഡിയോ ഷരീക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത് വൈറലായിരുന്നു. അതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്,ഇതോടെ മമ്മിക്കയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു. 

മേക്കോവറിന്റെ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നടന്‍ വിനായകന്റെ മാരകലുക്കാണ് മമ്മിക്കയ്‌ക്കെന്ന് പലരും അഭിപ്രായം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസത്തിലാണ് ഷരീക്ക് പരസ്യത്തിനായുള്ള ഫോട്ടോഷൂട്ടിലേക്ക് മമ്മിക്കയെ തിരഞ്ഞെടുത്തത്. മജ്നാസാണ് മമ്മിക്കയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ആഷിക്ക് ഫുവാദ്, ഷബീബ് വയലില്‍ എന്നിവരാണ് മേക്കപ്പ് അസിസ്റ്റന്റുമാര്‍.

കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് മമ്മിക്ക, തനിക്ക് ഇനിയും ഇതുപോലെ അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു.


Post a Comment

Previous Post Next Post