മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ; ഹൈക്കോടതിയിൽ ഹർജി നൽകി രക്ഷിതാക്കൾ

യുക്രൈൻ യുദ്ധ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമാണ് കോടതി ഇടപെടല്‍ തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്

ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ആവശ്യം.

അതേ സമയം, ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ നിയോഗിച്ച്‌ ഓപ്പറേഷന്‍ ഗംഗ വ്യാപിപ്പിക്കാനാണ് കേന്ദ്ര തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് രക്ഷാദൗത്യത്തിന് മന്ത്രിമാരെ നേരിട്ടയക്കാന്‍ തീരുമാനമായത്. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നഗരവികസനമന്ത്രി ഹര്‍ദ്ദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജ്ജ്ജു, ഗതാഗതസഹമന്ത്രി ജനറല്‍ വികെ സിങ്ങ് എന്നിവര്‍ക്കാണ് ചുമതല.

നിലവില്‍ ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നത്. പോളണ്ട്, സൊവാക്യ അതിര്‍ത്തികളിലൂടെയുള്ള രക്ഷപ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കും. മന്ത്രിമാര്‍ക്കൊപ്പം പ്രാദേശിക ഭാഷ അറിയാവുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയമിക്കും. അടുത്ത മൂന്ന് ദിവസത്തിനിടെ ഏഴ് വിമാനങ്ങള്‍ കൂടി മിഷന്റെ ഭാഗമാകും. ഇന്‍ഡിഗോ വിമാനങ്ങളും മിഷന്റെ ഭാഗമാകുന്നുണ്ട്. ഹംഗറിയില്‍ നിന്നുള്ള വിമാനം വൈകുന്നേരം ദില്ലിയില്‍ എത്തും. കിഴക്കന്‍ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് വിദേശകാര്യ മന്ത്രാലയം ഊന്നല്‍ നല്‍കുകയാണ്. റഷ്യ, യുക്രൈന്‍ അംബാസിഡര്‍മാരുമായി വിദേശകാര്യ സെക്രട്ടറി സംസാരിച്ചു.

Post a Comment

Previous Post Next Post