ഉപഭോക്താക്കൾക്ക് ആശ്വാസകരമായ നിർദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വീണ്ടും (ട്രായ്). പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള റീചാർജ് പ്ലാനുകളും സ്പെഷ്യൽ താരിഫ് വൗച്ചറുകളും കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന പരാതിയെത്തുടർന്ന്, ഇവ ടെലികോം കമ്പനികളുടെ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും സ്റ്റോറുകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നാണ് പുതിയ ഉത്തരവ്. ഇതിനായി വെബ്‌സൈറ്റുകളിലും ആപ്പുകളിലും പ്രീപെയ്ഡ് റീചാർജ് വിഭാഗത്തിൽ ആദ്യ ഓപ്ഷനായി 'TRAI-Mandated Packs' എന്ന പേരിൽ പ്രത്യേക ടാബ് നിർമ്മിക്കാനാണ് നിർദേശം. ഉത്തരവ് നടപ്പിലാക്കാൻ കമ്പനികൾക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ടെലികോം ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും പ്രീപെയ്ഡ് സെക്ഷൻ തുറക്കുമ്പോൾ തന്നെ ആദ്യ ഓപ്ഷനായി 'TRAI-Mandated Packs' എന്ന ടാബ് നൽകണം. ഓൺലൈനിൽ മാത്രമല്ല, ടെലികോം കമ്പനികളുടെ ഔദ്യോഗിക റീചാർജ് സെന്ററുകളിലും ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻ തക്കവിധം പ്രദർശിപ്പിക്കണം. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനകം നിർദേശം പൂർണ്ണമായും നടപ്പിലാക്കണമെന്നും ട്രായ് നിര്‍ദേശത്തില്‍ പറയുന്നു.
റീചാർജ് പ്ലാനുകൾ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധിയാളുകൾ പരാതിപ്പെട്ടിരുന്നു. കുറഞ്ഞ നിരക്കിലുള്ള നിർബന്ധിത പ്ലാനുകൾ പലപ്പോഴും ഒരു ബന്ധവുമില്ലാത്ത മറ്റ് വിഭാഗങ്ങൾക്കടിയിലാണ് കമ്പനികൾ ഉൾപ്പെടുത്തിയിരുന്നത്. ഈ ഓഫറുകൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് പല പേജുകളിലൂടെയും സ്ക്രീനുകളിലൂടെയും മാറി മാറി ക്ലിക്ക് ചെയ്യേണ്ടിവന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ ട്രായ് പൂട്ടിടുന്നത്. കുറഞ്ഞ സാമ്പത്തിക ശേഷിയുള്ളവർക്കും, ഇൻ്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്തവർക്കും, ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും ഉപകാരപ്പെടുന്നത് കേന്ദ്രത്തിന്റെ പുതിയ പാക്കുകള്‍.
28 ദിവസത്തിന് പകരം കൃത്യം 30 ദിവസത്തെയോ അല്ലെങ്കിൽ എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്നതോ ആയ പ്ലാനുകളും ഇതിലുണ്ട്. എന്താണ് TRAI-Mandated Packs?റഗുലേറ്ററി അതോറിറ്റി നിർദ്ദേശിച്ച പ്ലാൻ വൗച്ചറുകൾ, എസ്ടിവി, കോംബോ പ്ലാനുകൾ എന്നിവയെല്ലാം ഒന്നിച്ച് കാണുന്നതാണ് TRAI-Mandated Packs. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളും കോളിംഗും എസ്എംഎസും മാത്രമുള്ള ഓഫറുകളും ഉപഭോക്താക്കൾക്ക് ഇനി വേഗത്തിൽ കണ്ടെത്താനും കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാനും ഇതിലൂടെ സാധിക്കും.
Post a Comment