കോഴിക്കോട് ഗവ.ഡെന്‍റല്‍ കോളജിൽ ; അസി.പ്രഫസര്‍മാരുടെ തസ്തികൾ വെട്ടി കുറച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് ഗവ.ഡെന്‍റല്‍ കോളജിലെ നാല് അസി.പ്രഫസര്‍മാരുടെ തസ്തിക എടുത്തുമാറ്റി.

കൂടുതല്‍ രോഗികള്‍ ചികിത്സതേടുന്ന ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലെ തസ്തികകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. നാല് അസി.പ്രഫസര്‍മാരുടെ തസ്തിക അസോസിയേറ്റ് പ്രഫസര്‍മാരുടേതാക്കി മാറ്റുകയാണുണ്ടായത്.

രണ്ടെണ്ണം കോട്ടയത്തേക്കും ഒന്ന് തിരുവനന്തപുരത്തേക്കുമാണ് മാറ്റിയത്. ഇവിടെയുള്ള ഒരു അസോസിയേറ്റ് പ്രഫസറുടെ തസ്തിക രണ്ടാക്കുകയും ചെയ്തു. തസ്തികകള്‍ കോഴിക്കോട് ഗവ.ഡെന്‍റല്‍ കോളജില്‍ തന്നെ നിലനിര്‍ത്തണമെന്ന കോളജ് അധികൃതരുടെ ആവശ്യം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ചതുമില്ല. ഒരു പ്രഫസര്‍, ഒരു അസോസിയേറ്റ് പ്രഫസര്‍, ഏഴ് അസി.പ്രഫസര്‍മാര്‍ എന്നിങ്ങനെയാണ് കോഴിക്കോട് ഗവ.ഡെന്‍റല്‍ കോളജില്‍ അനുവദിച്ചിരുന്ന തസ്തികകള്‍.

ഇത് ഒരു പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍, മൂന്ന് അസി. പ്രഫസര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഡെന്‍റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമാണ് തസ്തികകള്‍ കുറച്ചതെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്ന ന്യായം. മലബാറിലെ ഏക സര്‍ക്കാര്‍ ഡെന്‍റല്‍ കോളജാണിത്. നിലവിലെ പരിമിതികള്‍കൊണ്ടുതന്നെ മൂന്ന് ഡോക്ടര്‍മാരുടെ തസ്തിക അനുവദിക്കണമെന്ന് കോളജ് അധികൃതര്‍ നേരത്തേ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, നിലവിലുള്ള തസ്തികപോലും ഇപ്പോള്‍ കുറച്ചിരിക്കുന്നത് ചികിത്സയെ കാര്യമായി ബാധിക്കും.

രോഗികളുടെ കാത്തിരിപ്പ് നീളും

പല്ലിന് ക്ലിപ് ഇടാനടക്കം മാസങ്ങളാണ് രോഗികള്‍ കാത്തിരിക്കുന്നത്. വലിയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ഈ കാത്തിരിപ്പ് ഏഴ് മാസത്തോളം നീളുന്നുമുണ്ട്. 200ല്‍ അധികം പേരാണ് ഓരോ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. മുഖത്തേയും താടിയെല്ലിലേയും ശസ്ത്രക്രിയ, പല്ലെടുക്കല്‍, അര്‍ബുദ സംബന്ധമായ ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം ദിവസേന ഇവിടെ നടക്കുന്നുണ്ട്.
ചെറിയ ശസ്ത്രക്രിയകള്‍ ഡെന്‍റല്‍ കോളജില്‍ തന്നെ ചെയ്യുമ്ബോള്‍ വലിയവ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന തിയറ്ററിലാണ് നടക്കുന്നത്. എന്നാല്‍, ആഴ്ചയില്‍ ഒരു ദിവസമേ വലിയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമായായിരുന്നു ഡെന്‍റല്‍ കോളജിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പുതിയ ഓപറേഷന്‍ തിയറ്റര്‍ സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഇതിലൂടെ രോഗികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാമെന്ന് ആശുപത്രി അധികൃതര്‍ കണക്കുകൂട്ടുന്നതിനിടെയാണ് തസ്തികകള്‍ വെട്ടിക്കുറച്ചത്.

ഇത് തീര്‍ച്ചയായും രോഗികളുടെ ചികിത്സയെ ബാധിക്കും. നിലവിലെ സാഹചര്യത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ തസ്തികകള്‍ വെട്ടിക്കുറക്കുന്നതിലൂടെ ചികിത്സക്കായുള്ള രോഗികളുടെ കാത്തിരിപ്പ് വര്‍ഷങ്ങളെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. ചെറുതും വലുതുമായ ശസ്ത്രക്രിയകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ലക്ഷങ്ങള്‍ ഫീസ് ഈടാക്കുമ്പോള്‍ ഗവ.ഡെന്‍റല്‍ കോളജിലെ തുക വളരെ തുച്ഛമാണ്. അതിനാല്‍തന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാവും ഇപ്പോഴത്തെ തസ്തിക കുറക്കല്‍ ഏറെ പ്രയാസം സൃഷ്ടിക്കുക.

Post a Comment

Previous Post Next Post