ഗ്യാസ് ലഭ്യമാകാന്‍ സൗകര്യമില്ലാത്തതിനാല്‍ സി.എന്‍.ജി ഓട്ടോകള്‍ ഇന്ധനം കിട്ടാതെ പ്രതിസന്ധിയില്‍.വടകര താലൂക്കില്‍ കുറ്റ്യാടിയില്‍ ഒരു പമ്പില്‍ മാത്രമാണ് സി.എന്‍.ജി എത്തുന്നത്. ഇവിടെ മണിക്കൂറുകള്‍ കാത്തുകിടന്നാല്‍ മാത്രമാണ് ഓട്ടോകള്‍ക്ക് ഗ്യാസ് കിട്ടുക.
പ്രകൃതിസൗഹൃദ ഇന്ധനമായ സി.എന്‍.ജിയുടെ ഗുണങ്ങളും ലാഭവും സംബന്ധിച്ച അറിയിപ്പുകള്‍ കാണുകയും ഡീസല്‍, പെട്രോള്‍ വില കുതിച്ചുയരുകയും ചെയ്തതോടെ വടകര താലൂക്കിലെ നിരവധി ഓട്ടോകള്‍ സി.എന്‍.ജിയിലേക്കു മാറി. പുതുതായി ഇറങ്ങിയ 90 ശതമാനം ഓട്ടോകളും സി.എന്‍.ജിയായതോടെ താലൂക്കിലെ എല്ലാ ടൗണുകളിലും സി.എന്‍.ജി ഓട്ടോകള്‍ വര്‍ധിച്ചു. എന്നാല്‍, താലൂക്കില്‍ കുറ്റ്യാടി നാദാപുരം റോഡിലെ പമ്പില്‍ മാത്രമാണ് സി.എന്‍.ജി ലഭിക്കുന്നത്.
ആയിരത്തോളം ഓട്ടോകളും മറ്റ് സി.എന്‍.ജി വാഹനങ്ങളും ഈ പമ്പിനെ മാത്രമാണ് ആശ്രയിക്കുന്നത്. പുലര്‍ച്ച രണ്ടു മണി മുതല്‍ ഓട്ടോകള്‍ പമ്പിലെത്തി ക്യൂ നിന്നാല്‍ മാത്രമാണ് ഗ്യാസ് ലഭിക്കുക. ആവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ ഇല്ലാത്തതിനാല്‍ ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കാത്തതിനാല്‍ പമ്പില്‍നിന്ന് ആവശ്യത്തിന് ഗ്യാസ് കംപ്രസ് ചെയ്ത് ഓട്ടോയുടെ സിലിണ്ടറിലേക്ക് നിറക്കാന്‍ കഴിയുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. പമ്പിലേക്ക് എറണാകുളത്തുനിന്നെത്തുന്ന സി.എന്‍.ജി സിലിണ്ടര്‍ ഘടിപ്പിച്ച ലോറിയില്‍നിന്നാണ് ഗ്യാസ് വിതരണം ചെയ്യുന്നത്.
ഇത്തരത്തില്‍ ഒരു വാഹനമാണ് കുറ്റ്യാടിയില്‍ എത്തുന്നത്. ഓട്ടോകളുടെ നീണ്ട ക്യൂ ഉള്ള അവസരങ്ങളില്‍ അവസാനമെത്തുന്ന വണ്ടികള്‍ക്ക് ഗ്യാസ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഒരു ദിവസം രണ്ടു ലോഡ് ഗ്യാസ് എങ്കിലും കുറ്റ്യാടിയില്‍ എത്തിക്കണമെന്നും ഓട്ടോതൊഴിലാളികള്‍ ആവശ്യപ്പെടുന്നു. വടകര താലൂക്കില്‍ കുറ്റ്യാടി കൂടാതെ മറ്റു സ്ഥലങ്ങളിലെ പമ്പുകളിലും സി.എന്‍.ജി വിതരണം ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
Post a Comment