പേരാമ്പ്ര കൂത്താളിയിൽ ജപ്തിക്കിടെ ജീവനൊടുക്കിയ കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം. ആത്മഹത്യയ്ക്ക് കാരണക്കാരായ ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കുക, കടം എഴുതി തള്ളുക, നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നടുവണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. എന്നാൽ, എല്ലാ നടപടികളും പാലിച്ചാണ് ജപ്തിയിലേക്ക് കടന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം.
വീട് വെയ്ക്കാനായി കവിതയും ഭർത്താവ് ബാബുവും ചേർന്ന് എട്ട് വർഷം മുൻപെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നത്. മരിക്കുന്നതിന് തൊട്ട് തലേദിവസം അഞ്ച് ലക്ഷം രൂപ അടയ്ക്കാൻ സാവകാശം തേടി ബാബുവും കവിതയും ബാങ്കിലെത്തിയിരുന്നു. എന്നാൽ അത് അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
വെള്ളിയാഴ്ച ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്യാൻ എത്തിയതോടെ സമീപത്തെ പഴയ വീട്ടിൽ കവിത തൂങ്ങി മരിക്കുകയായിരുന്നു. എന്നാൽ ജപ്തി നടപടികൾ നിയമ വ്യവ്യസ്ഥ പാലിച്ചാണെന്നാണ് ബാങ്കിന്റെ വിശദീകരണം. വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെയുള്ള അവസരങ്ങളും സാവകാശവും കുടുംബത്തിന് നൽകിയിരുന്നെന്ന് ബാങ്ക് വാർത്താക്കുറിപ്പിറക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യവും കുടുംബത്തിനുണ്ട്.
Post a Comment