സ്മാർട്ഫോണ്‍ ഉപയോക്താക്കൾക്ക് വലിയൊരു തലവേദനയായി മാറുകയാണ് വ്യാജ വാഗ്ദാനങ്ങളും ലോൺ, ഇൻഷുറൻസ് ഓഫറുകളുമായി എത്തുന്ന സ്പാം കോളുകൾ. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയോ കെവൈസി അപ്‌ഡേറ്റിന്റെ പേരിലോ എത്തുന്ന ഇത്തരം കോളുകൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും സൈബർ തട്ടിപ്പുകൾക്കും വഴിവെക്കാറുണ്ട്.
സ്പാം കോളുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില ലളിതമായ മുൻകരുതലുകൾ ഏതൊക്കെയെന്ന് നോക്കാം. മിക്ക സ്മാർട്ട്‌ഫോണുകളിലും സ്പാം കോളുകൾ തടയാനുള്ള സംവിധാനങ്ങളുണ്ട്. ഫോണിലെ കോൾ സെറ്റിംഗ്സിൽ പോയി Caller ID, Spam Protection തുടങ്ങിയ ഓപ്ഷനുകൾ ഓൺ ചെയ്താൽ വ്യാജ കോളുകളെ എളുപ്പത്തിൽ തിരിച്ചറിയാം. ഒരു പ്രത്യേക നമ്പറിൽ നിന്ന് വീണ്ടും വീണ്ടും കോളുകൾ വരുന്നുണ്ടെങ്കിൽ അത് ഉടൻ തന്നെ ബ്ലോക്ക് ചെയ്യുക. കൂടാതെ ഫോണിലെ 'Report Spam' ഓപ്ഷൻ ഉപയോഗിക്കുന്നത് ഇത്തരം നമ്പറുകളിൽ നിന്നുള്ള കോളുകൾ തുടര്‍ന്നും വരുന്നത് തടയാൻ സഹായിക്കും.
ബാങ്ക്, മറ്റ് സർക്കാർ-സ്വകാര്യ സ്ഥാപന പ്രതിനിധികൾ എന്ന വ്യാജേന വിളിക്കുന്നവർക്ക് ഒടിപി, യുപിഐ പിൻ, എടിഎം പിൻ, പാസ്‌വേഡ്, കാർഡ് വിശദാംശങ്ങൾ എന്നിവ യാതൊരു കാരണവശാലും കൈമാറരുത്. ടെലിമാർക്കറ്റിംഗ് കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാൻ ഡിഎന്‍ഡി (Do Not Disturb) ഫീച്ചർ ഉപയോഗിക്കാം. നിങ്ങളുടെ മൊബൈൽ സേവന ദാതാക്കളുടെ ഔദ്യോഗിക ആപ്പുകൾ വഴിയോ മെസേജ് വഴിയോ അനാവശ്യ കോളുകള്‍ തടയാനും സാധിക്കും.
സ്പാം കോളുകൾ വഴിയോ മറ്റ് സൈബർ തട്ടിപ്പുകൾ വഴിയോ പണം നഷ്ടപ്പെടുകയാണെങ്കിൽ വൈകാതെ തന്നെ ബാങ്കിനെ വിവരമറിയിക്കുക. കൂടാതെ, ഔദ്യോഗിക സൈബർ ക്രൈം പോർട്ടൽ മുഖേനയോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർച്ചയായി എത്തുന്ന അജ്ഞാത നമ്പറുകളിലെ കോളുകൾ എടുക്കാതിരിക്കുക. തിരിച്ചു വിളിക്കുന്നതിന് മുൻപ് കോളറുടെ വിവരങ്ങൾ വ്യക്തത വരുത്തുന്നതും നന്നാവും.
Post a Comment