രാജ്യം കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ സ്ട്രെച്ച് അടുത്ത വർഷം തുറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

രാജ്യം കാത്തിരിക്കുന്ന മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ സ്ട്രെച്ച് അടുത്ത വർഷം തുറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മറ്റുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി ഇക്കഴിഞ്ഞ ശനിയാഴ്ച ഹൈദരാബാദിൽ നടന്ന പരിപാടിയിൽ അറിയിച്ചു. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും അശ്വിനി വൈഷ്ണവ് അറിയിച്ചു. സൂറത്തിൽനിന്ന് ബിലിമോറ വരെയുള്ള ഭാഗത്താണ് ബുള്ളറ്റ് ട്രെയിൻ ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക.

അടുത്ത വർഷം സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ആദ്യ ഭാഗത്ത് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതിനുശേഷം തൊട്ടടുത്ത സെക്ഷനുകളായി വാപി മുതൽ സൂരത് വരെയും പിന്നീട് വാപി മുതൽ അഹമ്മദാബാദ് വരെയും തുടർന്ന് അഹമ്മദാബാദ് മുതൽ താനെ വരെയും ഒടുവിൽ അഹമ്മദാബാദ് മുതൽ മുംബൈ വരെയും സർവീസുകൾ ആരംഭിക്കും. അടുത്ത വർഷം മുതൽ ഘട്ടം ഘട്ടമായും സെക്ഷൻ തിരിച്ചുമാകും പദ്ധതിയുടെ ഉദ്ഘാടനം ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ 261 റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമ്മാണം പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ച മൂന്ന് അതിവേഗ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ ഹൈദരാബാദിൻ്റെ ഭൂപ്രകൃതിയെത്തന്നെ മാറ്റിയെഴുതുമെന്നും മന്ത്രി അറിയിച്ചു. പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ചെന്നൈ, ഹൈദരാബാദ് - ബെംഗളൂരു എന്നീ പദ്ധതികൾ ഈ മേഖലയ്ക്കാകെ വലിയൊരു വഴിത്തിരിവായി മാറും. ഹൈദരാബാദ് ഹൈസ്പീഡ് ഹബ്ബായി മാറുമെന്നും വൻതോതിലുള്ള വികസനം കൊണ്ടുവരികയും സമ്പദ്‌വ്യവസ്ഥയെ പൂർണമായി സംയോജിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.

Post a Comment

Previous Post Next Post