ആറ് പതിറ്റാണ്ടിലേറെ തെന്നിന്ത്യൻ സംഗീത ലോകത്തിന്റെ ജീവവായുവും ഈണവുമായിരുന്ന വാനമ്പാടി എസ്. ജാനകിക്ക് കണ്ണീരോടെ യാത്രാമൊഴി നൽകി സംഗീതലോകം. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് പ്രിയ ഗായികയ്ക്ക് നാട് അന്ത്യോപചാരമർപ്പിച്ചത്. കനിയനഹുണ്ടിയിലെ ഫാം ഹൗസിലാണ് ജാനകിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന പൊതുദർശനത്തിൽ പ്രിയ ഗായികയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. സംഗീത-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ നീണ്ട നിര തന്നെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തി ജാനകിയമ്മയ്ക്ക് യാത്രാമൊഴി നൽകി. പതിറ്റാണ്ടുകളോളം തങ്ങളുടെ ഹൃദയത്തിൽ തൊട്ട ശബ്ദമാധുരിക്ക് കണ്ണീരോടെയാണ് ആരാധകർ വിട നൽകിയത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായിരുന്ന പ്രിയ ഗായികയ്ക്ക് കേരള സർക്കാരിന്റെ ഔദ്യോഗിക ആദരമർപ്പിക്കാനായി മന്ത്രി റോജി എം. ജോൺ മൈസൂരുവിലെത്തി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തി അന്തിമോപചാരം അർപ്പിച്ച അദ്ദേഹം, കേരള ജനതയുടെയും സർക്കാരിന്റെയും സ്നേഹാദരങ്ങൾ ജാനകിയമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു.തെന്നിന്ത്യൻ സിനിമാ സംഗീതത്തിൽ പകരം വെക്കാനില്ലാത്ത ശബ്ദസാന്നിധ്യമായിരുന്നു എസ്. ജാനകി. ഭാഷകൾക്കതീതമായി പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ആ സ്വരമാധുരി ഇനി കേൾക്കാനാവില്ലെങ്കിലും, അവർ അവശേഷിപ്പിച്ചു പോയ അനശ്വര ഗാനങ്ങളിലൂടെ ജാനകിയമ്മ സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും.
Post a Comment