യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച് കവർച്ച: രണ്ടുപേർ പിടിയിൽ.

മൊബൈൽ നന്നാക്കാൻ വന്ന യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചെന്ത്രാപ്പിന്നിയിൽ മൊബൈൽ ഷോപ്പിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കൽ വീട്ടിൽ 'അനു' എന്ന സൂരജ് (40), ഒല്ലൂർ പൊന്നൂക്കര പുറങ്ങാപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്.

ജൂലൈ 12ന് വൈകീട്ട് 6.45നാണ് സംഭവം നടന്നത്. ചെന്ത്രാപ്പിന്നി ജങ്ഷനിലെ 'ഈസി മൊബൈൽ' ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31), പ്രകോപനവുമില്ലാതെ പ്രതികൾ കടക്കുള്ളിൽ വെച്ച് മർദിക്കുകയായിരുന്നു. കൈകൾ കൊണ്ടും കീചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികൾ യദുവിനെ പരുക്കേൽപ്പിച്ചു. തുടർന്ന് യദുവിന്റെ സ്കൂട്ടർ താക്കോൽ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി, ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി ആയിരം രൂപ തട്ടിയെടുക്കുകയായിരുന്നു.

കയ്പമംഗലം പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള സൂരജ് മതിലകം വലപ്പാട്, കൈപ്പമംഗലം സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും ആയുധ നിയമ പ്രകാരമുള്ള മൂന്ന് കേസിലും കാപ്പ നിയമപ്രകാരം നാടുകടത്തിയ കേസിലും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കിയ കേസിലും പതിമൂന്ന് അടിപിടിക്കേസിലും ലഹരിക്ക് അടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം 25 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഒല്ലൂർ പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള വിഷ്ണു രണ്ട് കവർച്ചക്കേസിലും നാല് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരുത്തുംവിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് കേസിലും അടക്കം എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post