വ്യാജ എ.പി.കെ ആപ്പുകൾ ഉപയോഗിച്ച് രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിയ ജംതാര ആസ്ഥാനമായ സംഘത്തെ അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഹൻസോൾ സ്വദേശിയായ നരേഷ് ദേവാനന്ദ് സബ്നാനിക്ക് ₹6.68 ലക്ഷം നഷ്ടമായ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സബർമതി ഗ്യാസ് ലിമിറ്റഡിന്റെ പേരിൽ വാട്ട്സ്ആപ്പിൽ സന്ദേശം അയച്ച പ്രതികൾ, ഗ്യാസ് കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്ന വ്യാജ മുന്നറിയിപ്പ് നൽകി. തുടർന്ന് "സബർമതി ഗ്യാസ് ബിൽ അപ്ഡേറ്റ്"(Sabarmati Gas Bill Update.apk) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ സബ്നാനിയെ പ്രേരിപ്പിച്ചു.
ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ പ്രതികൾക്ക് മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭിക്കുകയും എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിൽ നിന്ന് ₹6,68,914 തട്ടിയെടുക്കുകയും ചെയ്തു. സാങ്കേതിക അന്വേഷണത്തിനൊടുവിൽ സംഘത്തിന്റെ പ്രധാന എ.പി.കെ ഡെവലപ്പറായ പൂർണാനന്ദ് എന്ന മുകേഷ് തിവാരിയെ കൊൽക്കത്തയിൽ നിന്ന് സായ് രംങിലേക്കുളള യാത്രക്കിടെ ട്രെയിനിൽ നിന്ന് അറസ്റ്റ് ചെയ്തു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെയായിരുന്നു നടപടി.
കൂടാതെ, നാന്നൂറോളം പേർക്ക് ദുരുപയോഗ ലിങ്കുകൾ വിതരണം ചെയ്ത വികാസ് ദാസിനെയും, മോഷ്ടിച്ച പണം പിൻവലിക്കാൻ ബാങ്ക് കാർഡ് വിവരങ്ങൾ നൽകിയ സീതാറാം മണ്ഡലിനെയും ജാർഖണ്ഡിൽ നിന്ന് പിടികൂടി. അന്വേഷണത്തിൽ, ബാങ്ക് കെ.വൈ.സി അപ്ഡേറ്റ്, വൈദ്യുതി ബിൽ, ആർ.ടി.ഒ നോട്ടീസ് തുടങ്ങിയവയുടെ പേരിൽ വ്യാജ ആപ്പുകൾ സൃഷ്ടിക്കാൻ സംഘം സ്വകാര്യ ടെലഗ്രാം ബോട്ട് ചാനൽ ഉപയോഗിച്ചതായി കണ്ടെത്തി. വളരെ സംഘടിതമായ ചെയിൻ റിയാക്ഷൻ സിസ്റ്റം തന്നെ പൊലീസിന് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു.
ഒരു ടാർഗറ്റിന്റെ ഫോൺ ഡിറ്റെയ്ൽസ് ലഭിച്ച് കഴിഞ്ഞാൽ ബാങ്കിംഗ് വിവരങ്ങളും ഒ.ടി.പികളും ചോർത്തുകയും ഇരയുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലേ എല്ലാ കോൺടാക്റ്റുകളിലെക്കും അതെ വൈറസ് ലിങ്ക് സ്വയമേവ അയക്കുകയും ചെയ്തിരുന്നു. ഇത് ദിവസങ്ങൾക്കുളളിൽ ആയിരക്കണക്കിന് ഉപയോക്താക്കളിലെക്ക് തട്ടിപ്പ് വ്യാപിപ്പിക്കാൻ പ്രതികളെ സഹായിച്ചു. ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുന്നതിനായി എസ്ബിഐയുടെ യോനോ ക്യാഷ് കാർഡ്ലെസ് എ.ടി.എം പണം പിൻവലിക്കൽ സംവിധാനം വഴി കാർഡില്ലാതെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Post a Comment