ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങളെല്ലാം. ഏവര്‍ക്കും ബക്രീദ് ആശംസകള്‍"- മുഖ്യമന്ത്രി ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റെയും ഭക്തിയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ഉത്സവം ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു. കാരുണ്യം, ദാനധർമം, സാമൂഹിക സൗഹാർദം എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും സമാധാനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ഗവർണർ അഭ്യർത്ഥിച്ചു.
Post a Comment