സൈബർ സർജിക്കൽ സ്‌ട്രൈക്ക്: ഡിജിറ്റൽ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ് കേസുകളിലെ മുഖ്യസൂത്രധാരന്മാർ ഹൈദരാബാദിൽ പിടിയിൽ.

രാജ്യവ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തുന്ന സൈബർ മാഫിയ സംഘത്തിലെ പ്രധാനികളാണ് കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്.  'ഡിജിറ്റൽ അറസ്റ്റ്', ടെലഗ്രാം ട്രേഡിംഗ് തട്ടിപ്പ് എന്നിവയിലൂടെ വൻതുക കൈക്കലാക്കിയ ഹൈദരാബാദ് സ്വദേശികളായ രണ്ട് യുവാക്കളാണ്  അറസ്റ്റിലായത്. പത്തു ദിവസം നീണ്ടുനിന്ന അതിസാഹസികമായ ഓപ്പറേഷനൊടുവിലാണ് ഇവർ വലയിലായത്. 

എറണാകുളം സ്വദേശിയായ 77 വയസ്സുള്ള വയോധികയെ  ഡിജിറ്റൽ അറസ്‌റ്റിൻ്റെ പേരിൽ കബളിപ്പിച്ച് ആറ് കോടി രൂപ തട്ടിയെടുത്ത കേസിലെ നിർണ്ണായക കണ്ണിയാണ് അറസ്റ്റിൽ ആയവരിൽ ഒരാൾ. ഇതിൽ മൂന്ന് കോടി രൂപ ഇയാളുടെ ഉടമസ്ഥതയിലുള്ള 'ശാന്തൻ ആർട്‌സ് ആൻഡ് പ്രിന്റേഴ്‌സ്' എന്ന സ്ഥാപനത്തിന്റെ അക്കൗണ്ട് വഴിയാണ് തട്ടിയെടുത്തത്.  ഈ പണം പിന്നീട് കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ ക്രിമിനൽ സംഘങ്ങൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരാൾ കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർക്ക് ടെലഗ്രാം ട്രേഡിംഗ് വഴി 38 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലാണ് പിടിയിലായത്. ബിസിനസ് ആവശ്യങ്ങൾക്കെന്ന വ്യാജേന സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇയാൾ നടത്തിയത്. ഇയാൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 സൈബർ പരാതികൾ നിലവിലുണ്ട്. 

പ്രതിയുടെ വിവിധ അക്കൗണ്ടുകളിലായി 2.71 കോടി രൂപ പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.  ഹൈദരാബാദിലെത്തിയ പോലീസ് സംഘം രഹസ്യ നീക്കങ്ങളിലൂടെയും സമാന്തര ഓപ്പറേഷനുകളിലൂടെയും തട്ടിപ്പുകാരുടെ ഒളിത്താവളങ്ങൾ വളഞ്ഞാണ് പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശാനുസരണം  ഡി.സി.പി ഷഹിൻഷാ കെ എസ് ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം എ.സി.പി അനിൽകുമാർ വി എസ്, ഇൻസ്‌പെക്ടർ ഷമീർഖാൻ പി എ , എ.എസ്.ഐ ശ്യാം കുമാർ പി എ , എസ്.സി.പി.ഒ അജിത് രാജ്, എസ്.സി.പി.ഒ അരുൺ ആർ, എസ്.സി.പി.ഒ അനീഷ് കെ ആർ, എസ്.സി.പി.ഒ നിഖിൽ ജോർജ്, എസ്.സി.പി.ഒ അജിത് ബാലചന്ദ്രൻ, സി.പി.ഒ ബിന്ദോഷ്, സി.പി.ഒ ആൽഫിറ്റ് ആൻഡ്രൂസ്, സി.പി.ഒ ഷറഫുദ്ദീൻ പി.എ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് 'സൈബർ സർജിക്കൽ സ്‌ട്രൈക്ക്'  എന്ന ഓപ്പറേഷനിലൂടെ സൈബർ തട്ടിപ്പുകാരെ പിടികൂടിയത്.

Post a Comment

Previous Post Next Post