വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; വെള്ളനാട് ശശിക്കെതിരെ കേസെടുത്തു.

വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വീണ്ടും കുരുക്കിൽ. വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ പ്രസിഡൻ്റ് അടിച്ചു കൊന്നു. സംഭവത്തിൽ ശശിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥർ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ് വെള്ളനാട് ശശി. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതി ഒരാഴ്ച മുൻപാണ് ഉണ്ടായത്. 2024 സെപ്തംബറിൽ വെള്ളനാട് ശശി പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായി. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസിൽ വെള്ളനാട് ശശി അറസ്റ്റിലായത് 2021ൽ ആയിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ൽ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു.

Post a Comment

Previous Post Next Post