നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പണിമുടക്ക് ദിവസം സ്കൂളിൽ എത്തിയ അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. പണിമുടക്കിനിടെ സ്കൂളിലെത്തിയ എട്ട് അധ്യാപകരെയാണ് പൂട്ടിയിട്ടത്. സ്കൂളിന്റെ മെയിൻ ഗേറ്റ് പൂട്ടിയിരുന്നതിനാൽ പുറകുവശത്തെ ഗേറ്റിലൂടെയായിരുന്നു ഈ അധ്യാപകർ അകത്തുകയറിയത്. ഇതറിഞ്ഞെത്തിയ സമരക്കാർ ആ ഗേറ്റ് പൂട്ടിയതോടെയാണ് ഇവർ കുടുങ്ങിയത്. ഓഫീസ് തുറക്കാത്തതിനാൽ ഇവർക്ക് ഹാജർ രേഖപ്പെടുത്താനുമായിരുന്നില്ല. ഒടുവിൽ വൈകുന്നേരം നാലരയോടെ സ്കൂൾ ഓഫീസ് സ്റ്റാഫ് എത്തി ഗേറ്റ് തുറന്ന ശേഷമാണ് അധ്യാപകർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.
കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ ബാധിക്കപ്പെടാതെ മഹാനഗരങ്ങൾ. ദില്ലിയിലും മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലും ജനജീവിതം സാധാരണ പോലെയായിരുന്നു. വാഹനഗതാഗതം തടസപ്പെടുകയോ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയോ ചെയ്തില്ല. ഓഫീസുകളും സാധാരണ രീതിയിൽ തന്നെ പ്രവർത്തിച്ചു. ദേശീയ പണിമുടക്കുകളോടും ഹർത്താലുകളോടും മുഖം തിരിക്കുന്ന പതിവിന് ഇക്കുറിയും ബെംഗളൂരുവിലും ഇതര ജില്ലകളിലും മാറ്റമുണ്ടായില്ല. കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചു. മാർക്കറ്റുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടു.
Post a Comment