വെയിലും മഴയും കൊണ്ട് കുടുംബമായി ഇരുചക്രവാഹനങ്ങളിൽ പോകുന്ന മിക്ക ആളുകളുടേയും സ്വപ്നമാണ് ഒരു കാർ സ്വന്തമാക്കുകയെന്നത്. കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ പണം ചെലവിടാനും മോഡിഫിക്കേഷനായി പണം ചെലവിടാനും മലയാളികൾ പൊതുവെ മടികാണിക്കാറില്ല. എന്നാൽ കാർ യാത്രയിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ അത്യാവശ്യമായ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല. പിൻ സീറ്റിലുള്ളവർക്ക് സീറ്റ് ബെൽറ്റ് ധരിക്കുന്നത് മുതൽ ചെറിയ കുട്ടികൾക്ക് ചൈൽഡ് സീറ്റ് വയ്ക്കുക അടക്കമുള്ള കാര്യങ്ങളിൽ പലപ്പോഴും കാർ യാത്രയ്ക്കിടെ വീഴ്ച വരാറുണ്ട്.
അപകടങ്ങൾ സംഭവിക്കുമ്പോൾ ഇടക്കാലത്ത് ഇത്തരം കാര്യങ്ങൾ വീണ്ടും ചർച്ചയാവുമെങ്കിലും പിന്നീട് അറിഞ്ഞോ അറിയാതെയോ ഇത്തരം അവശ്യകാര്യങ്ങൾ വീണ്ടും മറവിയിലേക്ക് പോവുന്നത് പതിവ് കാര്യമാണ്. മുൻ സീറ്റിലിരിക്കുന്ന സഹയാത്രികന് സീറ്റ് ബെൽറ്റ് ഇടാൻ എംവിഡിയുടെ കർശന നിയമങ്ങളും പിഴകളും കാരണമായെങ്കിലും പിൻസീറ്റിലെ സീറ്റ് ബെൽട്ട് ഇന്നും പലരും ധരിക്കാറില്ല.
വാഹനവുമായി റോഡിൽ ഇറങ്ങുന്ന ആരും ഏത് നിമിഷവും അപകടം ഉണ്ടായേക്കാമെന്ന് ജാഗ്രത പുലർത്തേണ്ടതുണ്ട്. അൽപദൂരത്തേക്ക് അല്ലേ, പതുക്കെ ആണല്ലോ പോകുന്നത്, തനിക്ക് അപകടമുണ്ടാവില്ല എന്നുള്ള തോന്നലുകളൊന്നും വാഹനവുമായി റോഡിൽ ഇറങ്ങുമ്പോൾ പാടില്ലെന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങൾ എത്ര മികച്ച ഡ്രൈവർ ആണെങ്കിൽ കൂടിയും എതിർ ദിശയിലോ പിന്നിലോ മുന്നിലോ പോവുന്ന ഏതെങ്കിലുമൊരു വാഹനത്തിന് ഉണ്ടാവുന്ന തകരാറോ അപകടമോ നമ്മളേയും എപ്പോൾ വേണമെങ്കിലും ബാധിക്കാം.
കൂട്ടിയിടികൾ പലപ്പോഴും ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും കൂട്ടിയിടിയിലെ അപകടത്തിന്റെ തോത് പലപ്പോഴും കുറയ്ക്കാൻ സീറ്റ് ബെൽട്ട് അടക്കമുള്ളവ യാത്രക്കാരെ സഹായിക്കാറുണ്ട്. ഗുരുതരമായ പരിക്കുകളിൽ നിന്ന് രക്ഷനേടാനും സീറ്റ് ബെൽട്ട് അടക്കമുള്ളവ സഹായകമാണ്. അതിനാൽ തന്നെ മുൻ സീറ്റിലുള്ളവർ മാത്രമല്ല പിൻ സീറ്റിലുള്ളവരും സീറ്റ് ബെൽട്ട് ധരിക്കാൻ ഉപേക്ഷ വിചാരിക്കരുത്.
സീറ്റ് ബെൽട്ട് പോലെ തന്നെ കുട്ടികളുമായി യാത്ര പോകുമ്പോൾ പ്രത്യേകം കരുതേണ്ട കാര്യമാണ് ചൈൽഡ് സീറ്റ്. ഏത് പ്രായത്തിലുള്ള കുട്ടിയ്ക്കും അനുയോജ്യമായ ചൈൽഡ് സീറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കുട്ടികൾ വലുതാവുന്നതോടെ നഷ്ടം ആകുമെന്ന ധാരണയിൽ പണം മുടക്കാൻ ഉപേക്ഷ വിചാരിക്കേണ്ട കാര്യമില്ല. ഇതിന്റെ കാരണങ്ങൾ പലതാണെന്നാണ് ന്യൂറോ സർജ്ജനും എഴുത്തുകാരനുമായ മനോജ് വെള്ളനാട് വിശദമാക്കുന്നത്.
സാധാരണ കാർ സീറ്റുകളും ബെൽറ്റുകളും മുതിർന്നവരുടെ ശരീരഘടനയ്ക്ക് അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അപകടമുണ്ടാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന ആഘാതം താങ്ങാൻ കുട്ടികളുടെ ശരീരം പാകമായിരിക്കില്ല. ചൈൽഡ് സീറ്റുകൾ കുട്ടിയുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് കൃത്യമായ സംരക്ഷണം നൽകാൻ ചൈൽഡ് സീറ്റിന് സാധിക്കും. ചെറിയ കുട്ടികൾ സാധാരണ സീറ്റ് ബെൽട്ട് ധരിക്കുന്നത് അപകട സമയത്ത് പരിക്ക് ഗുരുതരമാവുന്നതിന് കാരണമാവാറുണ്ട്. സീറ്റിൽ നിന്ന് തെറിച്ച് പോവുന്നതിനും മുതിർന്നവരുടെ കയ്യിൽ നിന്ന് തെറിച്ച് പോവുന്നതും തടയാൻ ചൈൽഡ് സീറ്റിലെ ഹാർനെസുകൾക്ക് സാധിക്കും. ഉറങ്ങുമ്പോൾ തലയും കഴുത്തും കുഴഞ്ഞ് വീഴാതെ നേരെ ഇരിക്കാൻ ചൈൽഡ് സീറ്റിലെ കുഷ്യനും സപ്പോർട്ടും സഹായിക്കും.
ചൈൽഡ് സീറ്റിൽ ഇരിക്കുന്ന കുട്ടികൾ ഒരിടത്ത് സുരക്ഷിതരായിരിക്കുന്നതിനാൽ ഡ്രൈവർക്ക് കൂടുതൽ ഏകാഗ്രതയോടെ വാഹനം ഓടിക്കാമെന്നതും റോഡ് സുരക്ഷയിൽ നിർണായകമാണ്. ചൈൽഡ് സീറ്റുകൾ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അപകടമുണ്ടായാൽ ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മരണസാധ്യത 71ശതമാനം വരെ കുറയ്ക്കാമെന്നാണ് മനോജ് വെള്ളനാട് വിശദമാക്കുന്നത്. ചെൽഡ് സീറ്റിനെ ലക്ഷ്വറിയായി കാണേണ്ടതില്ലെന്നും മനോജ് വെള്ളനാട് പറയുന്നു.
Post a Comment