അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. വിഷന്‍ 2031 ന്റെ ഭാഗമായി കായികവകുപ്പ് നടത്തിയ ' നാവകായിക കേരളം മികവിന്റെ പുതു ട്രാക്കില്‍ ' എന്ന സംസ്ഥാനതല സെമിനാര്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടീമിന്റെ വരവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്. ഫിഫ അംഗീകൃത സ്റ്റേഡിയത്തിന്റെ അഭാവമാണ് നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്താതിരിക്കാന്‍ കാരണം. കായിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഒന്‍പതു വര്‍ഷം കൊണ്ട് കേരളം സ്വന്തമാക്കിയത്. സ്റ്റേഡിയങ്ങളും കളിക്കളങ്ങളുമായി 385 നിര്‍മിതികളാണ് ഇക്കാലയളവില്‍ ഒരുക്കിയത്. എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒന്ന് മുതല്‍ 10 വരെ പാഠ്യപദ്ധതിയില്‍ കായികം ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. തദ്ദേശ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച ആദ്യ സംസ്ഥാനം, കായിക ഉച്ചകോടി ആദ്യമായി നടത്തിയ ആദ്യ സംസ്ഥാനം, കോളേജ് സ്‌പോര്‍ട്‌സ് ലീഗ് നടത്തിയ സംസ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Post a Comment