ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും അഭിനന്ദന പ്രവാഹമാണ്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കു പുറമെ, ലോക കിരീടം നേടുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 52 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ പുതു അധ്യായം തുറന്നത്.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകകപ്പ് നേടിയ ടീമിന് ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചതായി ബി.സി.സി.ഐ അറിയിച്ചു. നിലവിൽ മുംബൈയിലുള്ള ഇന്ത്യൻ ടീം ചൊവ്വാഴ്ച വൈകീട്ട് മോദിയെ കാണാനായി ഡൽഹിയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച മോദിയുടെ വിരുന്നിൽ പങ്കെടുത്തശേഷം താരങ്ങൾ നാടുകളിലേക്ക് മടങ്ങിപോകും.
ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കുന്ന മോദി ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചിരുന്നു. ആദ്യമായി ലോകകപ്പ് കിരീടം നേടി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചെന്നും ഈ വിജയം ആത്മവിശ്വാസവും കരുത്തും വർധിപ്പിക്കുമെന്നും മോദി പറഞ്ഞു. ബി.സി.സി.ഐ ഇതുവരെ ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. എന്നാൽ, ജയിച്ച ടീമിന് 51 കോടി രൂപ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.സി.സി സമ്മാനത്തുകയായി 39 കോടി നൽകും. ഇതോടെ സ്മൃതി മന്ദാനയും ഹർമൻ പ്രീതും ഉൾപ്പെടുന്ന സംഘത്തിന് ആകെ 90 കോടി പാരിതോഷികം.
ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് 51 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചത്. രാജ്യത്ത് വനിതാ ക്രിക്കറ്റിന് ലഭിച്ച സ്വീകര്യതയുടെ തെളിവാണ് ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയമെന്ന് അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങൾ, കോച്ച്, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ സംഘത്തിനായാണ് സമ്മാന തുക പ്രഖ്യാപിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഒരു വനിതാ ടീമിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇതോടെ ഇന്ത്യൻ വനിതകളെ തേടിയെത്തുന്നത്.
ഐ.സി.സി ലോകകപ്പിന്റെ ആകെ സമ്മാനത്തുകയും കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. 28.8 ലക്ഷം ഡോളറിൽ നിന്നും 1.4 കോടി ഡോളറിലേക്ക് (124 കോടി രൂപ) ആണ് ജയ്ഷായുടെ നേതൃത്വത്തിലുള്ള ഐ.സി.സി സമ്മാനത്തുക ഉയർത്തിയത്. 300 ശതമാനം വർധന. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ട്രേലിയക്ക് ലഭിച്ചത് 13.2 ലക്ഷം ഡോളറായിരുന്നുവെങ്കിൽ, ഇത്തവണ ലഭിക്കുന്നത് 44.8 ലക്ഷം ഡോളർ.
റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കക്കും കൈനിറയെ സമ്മാനവുമായി മടങ്ങാം. 19.88 കോടി രൂപ. സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കും 9.94 കോടി രൂപ വീതം. എട്ട് ടീമുകൾക്കും 2.50 ലക്ഷം ഡോളറും, ഒപ്പം ഓരോ വിജയത്തിനും 34,314 ഡോളർ അധിക പാരിതോഷികവും. അതേസമയം, കഴിഞ്ഞ വർഷം ഐ.സി.സി ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ പുരുഷ ടീമിന് 125 കോടി രൂപയായിരുന്നു ബി.സി.സി.ഐ സമ്മാനമായി നൽകിയത്. അതിന്റെ പകുതിപോലും വനിതകൾക്ക് ലഭിച്ചില്ലെന്ന വിമർശനവും ഉയർന്നു തുടങ്ങി.
Post a Comment