യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും പരിക്ക്, തീവ്രപരിചരണ വിഭാ​ഗത്തിൽ, അപകടനില തരണം ചെയ്തു.


വർക്കലയിൽ മദ്യ ലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടി അപകടനില തരണം ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിടുക. മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്‍റെ അതിക്രമത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി തലനാരിഴക്ക് രക്ഷപ്പെടുക. കേട്ടാൽ പേടി തോന്നുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക് തര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

പാലോടുള്ള വീട്ടിൽ ശനിയാഴ്ച ശ്രീക്കുട്ടിയെത്തിയിരുന്നു. ആലുവയിലെ  വീട്ടിൽ നിന്ന് ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും യാത്ര ചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. തള്ളിയിട്ടത് ഇതരസംസ്ഥാന തൊഴിലാളിയാകാമെന്ന് ഇന്നലെ പറഞ്ഞ സുരേഷ് കുമാർ പക്ഷെ ഇന്ന് കുറ്റം സമ്മതിച്ചു. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. 

ബഹളം കേട്ടതോടെ കംപാര്‍ട്മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ തടഞ്ഞുവച്ച പ്രതിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രീമിയം ട്രെയിനിന്‍റെ ജനറൽ കംപാര്‍ട്മെന്റിൽ നടന്ന അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരള എക്സ്പ്രസ്സിന്റെ ഇന്നലത്തെ യാത്രയിൽ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. ക്രൈം ഡാറ്റാ അനുസരിച്ചാണ് ട്രെയിനുകളിലെ സുരക്ഷാ വിന്യാസമെന്നാണ് പൊലീസ് വിശദീകരണം.

Post a Comment

Previous Post Next Post