കല്‍പ്പാത്തി രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പാലക്കാട് ജില്ല ഭരണകൂടം ഒരുക്കങ്ങള്‍ ശക്തമാക്കി. നവംബര്‍ 14, 15, 16 തീയതികളില്‍ നടക്കുന്ന പ്രധാന രഥപ്രയാണത്തിന് മുന്നോടിയായി സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ക്ക് ചുമതലകള്‍ നല്കി ജില്ല കലക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി.
രഥോത്സവ സമയത്ത് ക്രമസമാധാനവും തിരക്ക് നിയന്ത്രണവും ഗതാഗത സംവിധാനവും ഉറപ്പാക്കുന്നതിന് പൊലീസ് വകുപ്പിനെ ചുമതലപ്പെടുത്തി. ഉത്സവം സമാധാനപരമായി നടത്തുന്നതിന് ആവശ്യമായ വളന്റിയര്‍മാരെ നിയോഗിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിന് വഴികള്‍ തടസ്സമില്ലാതെ ഒരുക്കുക, അത്യാവശ്യ ഘട്ടങ്ങള്‍ക്കായി എമര്‍ജന്‍സി ഇവാക്വേഷന് പ്ലാന്‍ തയാറാക്കുക തുടങ്ങിയവയാണ് പൊലീസ് വകുപ്പിന്റെ ചുമതലകള്‍.
താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള എണ്ണം നിയന്ത്രിക്കുക, ഉത്സവ ദിവസങ്ങളില്‍ മാലിന്യം അതാത് ദിവസം തന്നെ നീക്കം ചെയ്യുക, പുഴയോരത്തെ ശുചീകരണങ്ങള്‍ മുന്‍കൂറായി നടത്തുക, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, റോഡ് കൈയേറി കച്ചവടം നടത്തുന്നത് കര്‍ശനമായി നിരോധിക്കുക, ശേഖരിപുരം ജങ്ഷന്-കണ്ടമ്പലം റോഡ് ഭാഗത്തെ കച്ചവട സ്ഥാപനങ്ങള്‍ നിയന്ത്രിക്കുക, ഗ്യാസ് ഉപയോഗിക്കുന്ന സറ്റാളുകള്‍ അമ്പലപരിസരത്ത് നിയന്ത്രിക്കുക, ബയോ ടോയ്ലറ്റുകളുടെ എണ്ണം വർധിപ്പിച്ച് ശുചിത്വം ഉറപ്പാക്കുക എന്നീ ചുമതലകള്‍ നഗരസഭക്ക് നല്കി.
രഥോത്സവ സമയത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും സ്റ്റാളുകളും പരിശോധിക്കുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ചുമതലകള്‍. പാലക്കാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് ക്ഷേത്രപരിസരത്ത് ഫയര്‍ യൂനിറ്റ് സജ്ജമാക്കണം. ഉത്സവദിവസങ്ങളില്‍ ഫയര്‍ഫോഴ്സ് യൂനിറ്റ് കല്‍പ്പാത്തിയില്‍ സ്ഥിരമായി വിന്യസിക്കണം. ജില്ല മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘം സജ്ജമാക്കണം, 14, 15, 16 എന്നീ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കണ്ട്രോള് റൂം പൂര്‍ണസജ്ജമാക്കണം. കണ്ട്രോള് റൂമിനുള്ള അനുയോജ്യമായ സ്ഥലം ജില്ല മെഡിക്കല്‍ ഓഫിസര്‍ കണ്ടെത്തണമെന്നും നിർദേശം നല്കി.
പൊതു ടാപ്പുകള്‍ നന്നാക്കി ഉപയോഗ യോഗ്യമാക്കുക, കുടിവെള്ള വിതരണം 24 മണിക്കൂറും തടസ്സമില്ലാതെ ഉറപ്പാക്കുക എന്നിവ വാട്ടര്‍ അതോറിറ്റി ഉറപ്പുവരുത്തണം. വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, രഥയാത്ര പാതയിലെ താഴ്ന്ന നിലയിലുള്ള കേബിളുകള്‍ ഉയര്‍ത്തി ക്രമപ്പെടുത്തുക, രഥപ്രയാണത്തിന് തടസ്സമാകുന്ന കേബിളുകള്‍ നേരത്തെ നീക്കം ചെയ്യുക എന്നിവ കെ.എസ്.ഇ.ബി ഉറപ്പ് വരുത്തണം. രഥോത്സവത്തിനായി ഉപയോഗിക്കുന്ന ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കണം.
മദപ്പാടില്ലാത്തതും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതുമായ ആനകളെ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നും വകുപ്പ് ഉറപ്പാക്കണം. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നിയമലംഘനം കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനെ ചുമതലപ്പെടുത്തി. ഉത്സവത്തിന്റെ ഏകോപന ചുമതല റവന്യൂ വകുപ്പിനാണ്. ഉത്സവ നടത്തിപ്പിന്റെ ഏകോപനത്തിനായി പാലക്കാട് ആര്.ഡി.ഒ. യെ നോഡല്‍ ഓഫിസറായും തഹസില്‍ദാറിനെ അസിസ്റ്റന്റ് നോഡല്‍ ഓഫിസറായും നിയോഗിച്ചു.
രഥം വലിക്കുന്നവരെ അമ്പലകമ്മിറ്റി മുന്‍കൂട്ടി തീരുമാനിച്ച് വിവരം പൊലീസിന് കൈമാറണം. പരമാവധി സ്ഥലങ്ങളില്‍ സി.സി.ടി.വി സംവിധാനം സ്ഥാപിക്കണം. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന് പുറമേ മൂന്ന് അധിക ആംബുലന്‍സുകള്‍ സജ്ജമാക്കണം. മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് ബയോടോയ്ലറ്റ് എണ്ണം വര്‍ധിപ്പിക്കണം. പാര്‍ക്കിങ് സ്ഥലങ്ങള്‍ സജ്ജീകരിക്കണം. രഥങ്ങള്‍ക്ക് മുന്‍കൂറായി പി.ഡബ്ല്യു.ഡിയില്‍ നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. പൊലീസ് നിരീക്ഷണത്തിനായി മുളകൊണ്ടുള്ള ടവറുകള്‍ സജ്ജമാക്കുക എന്നിവ അമ്പല കമ്മിറ്റിയുടെ ചുമതലയില്‍ ഉള്‍പ്പെടും.
Post a Comment