ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക് ! വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് 30 വരെ അടയ്ക്കും.

ഇടുക്കി ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വാഗമൺ അഡ്വഞ്ചർ പാർക്കിൽ പ്രവർത്തിച്ചു വരുന്ന ഗ്ലാസ് ബ്രിഡ്‌ജ് അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ അടയ്ക്കും. സമുദ്രനിരപ്പിൽനിന്നും 3,500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമിച്ചിരിക്കുന്ന കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ്, 2023 സെപ്റ്റംബർ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമർപ്പിച്ചത്.

സമൃദ്ധമായ പുൽമേടുകൾ, മൊട്ടക്കുന്നുകൾ, പൈൻ മരങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരിയാക്കുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ട‌പ്പെടുന്നവർക്കും ഇവിടം അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.

ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് വാഗമൺ കോലാഹലമേട്ടിൽ ചില്ലു പാലം ഒരുക്കിയത്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിർമാണച്ചെലവ്.

ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനിറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാം.

വാഗമണിൽനിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് അഡ്വഞ്ചർ പാർക്ക്. തൊടുപുഴയിൽ നിന്നും 48 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 40 കിലോമീറ്ററും പാലായിൽ നിന്നും 42 കിലോമീറ്ററും കുമിളിയിൽ നിന്ന് 52 കിലോമീറ്ററും കോട്ടയത്തു നിന്നും 69 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും 47 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്താം.

Post a Comment

Previous Post Next Post