അപകടത്തിൽ വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് പേടിച്ച് ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവർ മരിച്ചു.

കാർ ഇടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ‌ ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. 

ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിറകുഭാഗം തകരുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥി കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബേത്തൂർപാറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ശ്രീഹരി, അതുൽ, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്.

 വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് തെറ്റിദ്ധരിച്ചാണ് ഓട്ടോ ഡ്രൈവറായ അനീഷ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ ഓട്ടോയിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും മരിച്ചു.

 പരിക്കേറ്റ വിദ്യാർത്ഥികളെ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പിന്നീട് വ്യക്തമായി.   കോളേജ് അധ്യാപകനായ ബെനറ്റാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ ബെനറ്റ് കുറ്റിക്കോലിൽ പ്രാഥമിക ചികിത്സ തേടി. വീണയാണ് അനീഷിന്റെ ഭാര്യ. മക്കൾ: നീരജ്, ആരവ്. പരേതനായ കെ ശേഖരൻ നായരുടെയും സി കമലക്ഷിയുടെയും മകനാണ്.

Post a Comment

Previous Post Next Post