ഓപറേഷന്‍ നുംഖൂറിൽ പിടിച്ചെടുത്ത വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് തന്‍റേതെന്ന് നടൻ അമിത് ചക്കാലക്കല്‍. ബാക്കി ആറെണ്ണം തന്‍റെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്ക് എത്തിച്ചതാണ്. തന്‍റെ വാഹനത്തിന്‍റെ രേഖകൾ സമർപ്പിക്കാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. അഞ്ചുവർഷമായി ഉപയോഗിക്കുന്നതാണ് 1999 മോഡൽ ലാൻഡ് ക്രൂസർ.
ആർ.ടി.ഒ എത്തി അവരുടെ പോർട്ടലിൽ കയറി വണ്ടിയുടെ രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചിരുന്നു. വാഹനത്തിന്‍റെ 15 വർഷംമുമ്പുള്ള രേഖകളാണ് അവർ പരിശോധിക്കുന്നത്. താനിത് അടുത്ത നാളുകളിൽ ഭൂട്ടാനിൽനിന്ന് കൊണ്ടുവന്നതാണോ എന്നാണ് അവർക്ക് അറിയേണ്ടത്. കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ഈ വാഹനം വിൽപന നടത്തിയതിന്‍റെയും ഉടമസ്ഥരുടെയും മറ്റും രേഖകളും അവർക്ക് പരിശോധിക്കണമായിരുന്നു. അതൊക്കെ നൽകിയിട്ടുണ്ട്. ഈ വാഹനത്തെക്കുറിച്ച് 15 വര്‍ഷംമുമ്പ് വന്ന വ്ലോഗിന്‍റെ വിവരങ്ങൾ ഉൾപ്പെടെയുണ്ട്.
പിടികൂടിയതിൽ തന്‍റേതല്ലാത്ത വാഹനങ്ങളുടെ ഉടമസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. ആറുമാസം മുമ്പും സമാനപരിശോധന നടന്നിരുന്നു. അന്നും എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. താൻ പരിശോധനകളോട് സഹകരിച്ചില്ലെന്ന പ്രചാരണം തെറ്റാണ്. ഉദ്യോഗസ്ഥരെത്തിയപ്പോൾ തന്‍റെ അഭിഭാഷകൻ വാറന്‍റുണ്ടോ എന്ന് ചോദിച്ചു. എന്നാൽ, അഭിഭാഷകനോട് പുറത്തുപോകാൻ ഉദ്യോഗസ്ഥരിലൊരാൾ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ അവർ തമ്മിലാണ് വാക്തർക്കമുണ്ടായത്. താനുമായല്ല പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനമോ പുകവലിയോ ഒന്നും തനിക്കില്ല, ആകെയുള്ളത് വണ്ടിഭ്രാന്താണ്. അതുകൊണ്ട് കിട്ടിയ പണിയാണിതെന്നും അമിത് ചക്കാലക്കൽ പറഞ്ഞു.
Post a Comment