നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്താണ് അംഗങ്ങള്‍ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്. എന്നാലിനി പാസ്ബുക്ക് ലൈറ്റില്‍ കയറി പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിക്കാം. അടച്ച തുക, പിന്‍വലിക്കല്‍, ബാലന്‍സ് എന്നിവ ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ പാസ്ബുക്ക് ലൈറ്റിലൂടെ അറിയാം. പിഎഫ് അംഗങ്ങള്‍ക്ക് കാര്യക്ഷമവും സുതാര്യവും ഉപയോക്തൃ സൗഹൃദവുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സ്വീകരിച്ച പ്രധാന പരിഷ്‌കരണങ്ങളിലൊന്നാണിതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇപിഎഫ്ഒ പാസ്ബുക്ക് ലൈറ്റ് ഇപിഎഫ്ഒ മെമ്പര്‍ പോര്‍ട്ടലില്‍ (https://unifiedportal-mem.epfindia.gov.in/memberinterface/) കയറി പാസ്ബുക്ക് ലൈറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ഒരു ലോഗിന്‍ വഴി പാസ്ബുക്ക് ആക്‌സസ് ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും നല്‍കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാകുമെന്നാണ് ഇപിഎഫ്ഒ പ്രതീക്ഷിക്കുന്നത്. ഗ്രാഫിക് ഡിസ്‌പ്ലേ അടക്കമുള്ള സമഗ്രമായ വിവരങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് നിലവിലുള്ള പാസ്ബുക്ക് പോര്‍ട്ടലിലും ആക്‌സസ് തുടരാമെന്ന് മാണ്ഡവ്യ പറഞ്ഞു.
പിഎഫ് അക്കൗണ്ട് ഇനി വേഗത്തില്‍ മാറ്റാം ജോലി മാറുന്നവര്‍ക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്നതും എളുപ്പമാക്കിയിട്ടുണ്ട്. പിഎഫ് അക്കൗണ്ട് മാറ്റുന്നതിനുള്ള അനക്‌സര്‍ കെ (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്) അംഗങ്ങള്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനായി ലഭിക്കും. നിലവില്‍ അംഗങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പിഎഫ് ഓഫീസുകള്‍ വഴിയാണ് ഇത് കൈമാറുന്നത്. ഫോം 13 വഴി ഓണ്‍ലൈനായാണ് അക്കൗണ്ട് മാറ്റുന്നത്.
ഓണ്‍ലൈനായി അംഗങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ പിഎഫ് അക്കൗണ്ട് മാറ്റുന്നത് എളുപ്പമാകും. മെമ്പര്‍ പോര്‍ട്ടലില്‍ നിന്ന് തന്നെ പിഡിഎഫ് ഫോര്‍മാറ്റില്‍ അനക്‌സര്‍ കെ അംഗങ്ങള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. അക്കൗണ്ട് മാറ്റുന്നതിനുള്ള അപേക്ഷയുടെ തല്‍സ്ഥിതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും. ഈ നടപടികളില്‍ പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുകയും അംഗങ്ങള്‍ക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാനും കഴിയും.
പുതിയ അക്കൗണ്ടില്‍ പിഎഫ് ബാലന്‍സും സേവന കാലയളവും ശരിയായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരണം അംഗത്തിന് ലഭിക്കും. കൂടാതെ ഭാവി റഫറന്‍സിനായി അവര്‍ക്ക് ഒരു സ്ഥിരമായ ഡിജിറ്റല്‍ റെക്കോര്‍ഡ് നിലനിര്‍ത്താനും കഴിയും. ഇപിഎസ് (ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി) ആനുകൂല്യങ്ങള്‍ കണക്കാക്കുമ്പോള്‍ ഇത് പ്രധാനമാണ്. വേഗത്തില്‍ അംഗീകാരങ്ങള്‍ നല്‍കുന്നതിനുള്ള മാറ്റങ്ങളും ഇതോടൊപ്പം വരുത്തിയിട്ടുണ്ട്.
നിലവില്‍ പിഎഫ് ട്രാന്‍സ്ഫറുകള്‍, സെറ്റില്‍മെന്റുകള്‍, അഡ്വാന്‍സുകള്‍, റീഫണ്ടുകള്‍ തുടങ്ങിയ ഏതൊരു ഇപിഎഫ്ഒ സേവനങ്ങള്‍ക്കും ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരില്‍ (ആര്‍പിഎഫ്‌സി/ഓഫീസര്‍ ഇന്‍ചാര്‍ജ്) നിന്ന് അംഗീകാരങ്ങള്‍ ആവശ്യമാണ്. ഇത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നു. ഇത് പരിഹരിക്കുന്നതിനായി ഇപിഎഫ്ഒ യുക്തിസഹമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇനി താഴെത്തട്ടിലുള്ള പിഎഫ് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും സബോര്‍ഡിനേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇപ്പോള്‍ ഇപിഎഫ്ഒ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കാം.
Post a Comment