ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കാന്റിലിവർ (ഒരുവശത്ത് ഉറപ്പിച്ചിരിക്കുന്ന) ഗ്ലാസ് ബ്രിഡ്ജ് എന്ന ഖ്യാതി വാഗമണ്ണിന് നഷ്ടമായി. വിശാഖപട്ടണം കൈലാസഗിരിയിലെ ടൈറ്റാനിക് കോർണറിലാണ് വാഗമണ്ണിനെ കടത്തിവെട്ടുന്ന ഗ്ലാസ് ബ്രിഡ്ജ് പൂർത്തിയായത്. അത് നിർമിച്ചതാകട്ടെ മലയാളിയും.
പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചുവേഴ്സ് മാനേജിങ് ഡയറക്ടർ ജോമി പൂണോളിയാണ് ടൈറ്റാനിക് കോർണറിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ശിൽപ്പി. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചതും ഇദ്ദേഹമായിരുന്നു.
വാഗമണ്ണിലെ പാലത്തിൻ്റെ നീളം 38 മീറ്ററാണ്. വിശാഖപട്ടണത്തിലേത് 55 മീറ്റർ വരും. വിശാഖപട്ടണം മെട്രൊപൊലിറ്റൻ റീജിയൻ ഡിവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം.
ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മൾട്ടി ലെയർ ഗ്ലാസ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 40 ടണ്ണിലേറെ ഭാരമുള്ള സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച പാലത്തിന് 250 കിലോമീറ്റർ വേഗതയുള്ള കൊടുങ്കാറ്റിനെവരെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ജോമി പൂണോളി പറഞ്ഞു. ഇതിനുമുകളിൽ 24 മണിക്കൂർ 12 ടൺ ഭാരം കയറ്റി ലോഡ് ടെസ്റ്റും നടത്തി. ഒരേസമയം 40 പേർക്ക് പ്രവേശിക്കാം.
സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിലുള്ള ഗ്ലാസ് ബ്രിഡ്ജിൽനിന്ന് ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ മലനിരകളുടെയും ഭംഗി ആസ്വദിക്കാനാകും. ഇതിന്റെ മനോഹാരിതയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചിരുന്നു. ഈ മാസം ഉദ്ഘാടനമുണ്ടാകും.
Post a Comment