മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം' ഒടിടിയിലേക്ക്; തീയതി പുറത്ത്.

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 'ഹൃദയപൂർവ്വം' ഒടിടിയിലേക്ക്. ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപനം.

ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ജിയോഹോട്സ്റ്റാർ മലയാളം തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 26 മുതൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാവും.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേനായ സന്ദീപ് ബാലകൃഷ്‌ണൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രം ഓഗസ്റ്റ് 28-നാണ് പ്രദർശനത്തിനെത്തിയത്. തീയേറ്റർ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ്. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.

കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിൽ സിദ്ദീഖ്, ജനാർദ്ദനൻ, സംഗീത് പ്രതാപ്, സംഗീത, മാളവിക, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്സ്, നിഷാൻ, സൗമ്യ പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കേരളത്തിലും പുണെയിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. മറ്റൊരു മകൻ അനൂപ് സത്യനാണ് ചീഫ് അസോസിയേറ്റ് ഡയറക്‌ടർ.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ചിത്രം നിർമിച്ചത് ആന്റണി പെരുമ്പാവൂരാണ്. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Post a Comment

Previous Post Next Post