കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന ആവശ്യവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. സർവകക്ഷി യോഗത്തിൽ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളെല്ലാം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ഓഫീസർ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരിക്കുന്നത്.
നവംബറിലോ ഡിസംബറിലോ ആയിരിക്കും കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ചുമതലയുള്ള കളക്‌ടർമാരും ഡെപ്യൂട്ടി കളക്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസർമാർ ആയതിനാൽ നടപടികളിൽ ആശയക്കുഴപ്പുമുണ്ടാകും എന്ന് ആശങ്കയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്രത്തിലേക്ക് കത്തയച്ചിരിക്കുന്നത്.
സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചാൽ കേരളത്തിൽ ഡിസംബറിന് ശേഷമായിരിക്കും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കുക. ഈ മാസം ആദ്യത്തോടെയാണ് എല്ലാ സംസ്ഥാനങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ തീരുമാനമായത്. 2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർ പട്ടിക പുതുക്കുക.
Post a Comment