കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം “ചിറക് 2025” സെപ്റ്റംബർ 23-ന് കട്ടിപ്പാറ കാരുണ്യതീരം ക്യാമ്പസിൽ വച്ച് നടക്കും. ജില്ലയിലെ 21 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള 250-ലധികം ഭിന്നശേഷി വിദ്യാർത്ഥികൾ മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിന്റിംഗ്, ഉപകരണസംഗീതം തുടങ്ങി വിവിധ മത്സരങ്ങളിൽ കഴിവുകൾ തെളിയിക്കും.
ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനവും സർട്ടിഫിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. ഓവറോൾ വിജയികളായ സ്പെഷ്യൽ സ്കൂളിനും വ്യക്തിഗത നേട്ടങ്ങൾക്കും പ്രത്യേക സമ്മാനവും ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അധ്യക്ഷത വഹിക്കും. അഡ്വ. പി. ടി. എ റഹീം എം. എൽ. എ പരിപാടി ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, ഡി. ഡി. ഇ ശിവദാസൻ. കെ, ഡി. ഇ. ഒ സുബൈർ, എ. ഇ. ഒ പോളി മാത്യു, പ്രശസ്ത സിനിമാ താരം പ്രദീപ് ബാലൻ, പേരാമ്പ്ര ആസ്പയർ ചെയർമാൻ സി. എച്ച് ഇബ്രാഹിം കുട്ടി, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. ബഷീർ പൂനൂർ തുടങ്ങി സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
കലോത്സവ വേദിയിൽ വിവിധ കലാമത്സരങ്ങൾക്കൊപ്പം സ്പെഷ്യൽ സ്കൂളുകളിലെ തൊഴിൽ യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ, നാഷണൽ ട്രസ്റ്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ഹെൽപ്പ് ഡെസ്കുകൾ എന്നിവയും പ്രവർത്തിക്കും. സാമൂഹ്യ സേവന സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സജീവ സഹകരണം കലോത്സവത്തെ ജില്ലാതലത്തിലെ വലിയൊരു സാമൂഹിക-സാംസ്കാരിക ആഘോഷമായി മാറ്റുമെന്ന് സംഘാടകർ അറിയിച്ചു.
Post a Comment