കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. പിന്നാലെ നാട്ടുകാർ സംഘടിച്ച് മൂന്ന് മണിക്കൂറിലേറെ ബസ് വളഞ്ഞിട്ടു. അര്‍ധരാത്രിയോടെ നാടകീയമായാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സൂര്യ എന്ന ബസിന്റെ ഡ്രൈവറാണ് തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ജിജോ ജോർജിനെ (46) ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല എഴുപുന്ന സ്വദേശി അനുഹർഷ് ജനാർദനനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി കളമശേരി അപ്പോളോ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. മറ്റൊരു ബസ് കാത്തു നിൽക്കുകയായിരുന്ന ജിജോ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഇട്ടുവന്ന ബസ് ഡ്രൈവറോട് ഡിം ചെയ്യാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിനിടയാക്കിയത്. ഡ്രൈവർ സീറ്റിൽനിന്നു ലിവറുമായി ഇറങ്ങി ജിജോയെ ആക്രമിക്കുന്നത് കണ്ട് സംഭവ സ്ഥലത്തുണ്ടായിരുന്ന ലോറി ഡ്രൈവർമാർ ഓടിയെത്തി. ഇതോടെ ഇവർക്കു നേരെയും ബസ് ഡ്രൈവർ ആക്രമണം അഴിച്ചുവിട്ടു. ഇതേതുടർന്ന് നാട്ടുകാർ സംഘടിക്കുന്നതു കണ്ട് ബസ് ഡ്രൈവർ ബസിൽ കയറി ഡോർ അടച്ചു.
നാട്ടുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വഴങ്ങിയില്ല. തുടർന്ന് നാട്ടുകാർ വാഹനം വളയുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ബസിന്‍റെ നാല് ടയറുകളടക്കം കുത്തിപ്പൊട്ടിച്ച നാട്ടുകാര്‍ പൊലീസ് ജീപ്പും ആക്രമിച്ചു. പൊലീസ് ഇടപ്പെട്ടിട്ടും മയപ്പെടാതിരുന്ന നാട്ടുകാര്‍ ബസ് ഡ്രൈവറെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചും പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് വന്‍ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
Post a Comment