കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യമൊരുങ്ങി. യാത്രക്കാർക്ക് ക്യൂ ഒഴിവാക്കി 20 സെക്കൻഡിനുള്ളിൽ eGates ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവും അന്താരാഷ്ട്ര യാത്രകൾക്കായി കാലിക്കറ്റ് വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ഉപയോഗിയ്ക്കാനാവും.
രാജ്യത്ത് അമൃത്സർ, ലഖ്നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കൊപ്പമാണ് കരിപ്പൂരും ഇടം പിടിച്ചത്. യാത്രക്കാർക്ക് 20 സെക്കൻഡിനുള്ളിൽ eGates ഉപയോഗിച്ച് ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവുമെന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു.
ഈ സംവിധാനം ഉപയോഗിക്കുന്നതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിച്ച ശേഷം, യാത്രക്കാർക്ക് അടുത്തുള്ള രാജ്യത്തെ ഏതെങ്കിലും ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബയോമെട്രിക് എൻറോൾമെന്റ് പൂർത്തിയാക്കണം. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും അന്താരാഷ്ട്ര യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
അതേസമയം യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായ കാലിക്കറ്റ് വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ. സൗദി എയർ എയർലൈൻസ്, ആകാശ് എയർ, ഫ്ളൈ -91 എന്നീ വിമാനക്കമ്പനികളാണ് കരിപ്പൂരിലെത്തുന്നത്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വിമാനക്കമ്പനികളെ ആകർഷിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ആകാശ് എയർ കാലിക്കറ്റ്-മുംബൈ സർവീസ് ആരംഭിയ്ക്കും. സൗദി സെക്ടറിലേക്കും ആകാശ് എയർ സർവീസുണ്ടായേക്കുമെന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു.
സൗദി എയർ ലൈൻസിൻ്റെ റിയാദ്-കാലിക്കറ്റ് സർവീസും ഫ്ളൈ -91 കാലിക്കറ്റ് - ഗോവ സർവീസുമാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. നിലവിൽ കാലിക്കറ്റ് നിന്ന് ഗോവയിലേക്ക് നേരിട്ട് സർവീസ് ഇല്ല. സൗദി എയർ ലൈൻസ് ജിദ്ദയിലേക്കും ഫളൈ-91 ലക്ഷദ്വീപിലെ അഗത്തിയിലേക്കുംകൂടി സർവീസ് നടത്തുന്നത് പരിഗണനയിലുണ്ട്. ഒക്ടോബർ 26-ന് ശേഷമുള്ള ശൈത്യകാല ഷെഡ്യൂളിലായിരിയ്ക്കും പുതിയ സർവീസുകൾ. കാലിക്കറ്റിൽ നിന്ന് പുതുതായി തുടങ്ങിയിരുന്ന ലക്ഷദ്വീപ് ക്വാലംലംപൂർ സർവീസുകൾക്ക് മികച്ച പ്രതികരണമാണ്.
Post a Comment