എല്ലാ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും ഇനി ലൈവ് പോകാനാവില്ല, നിങ്ങൾ അവരിൽ ഒരാളാണോ?

ലൈവ് ഫീച്ചർ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ നയം അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഈ പുതിയ പോളിസി അതനുസരിച്ച് കുറഞ്ഞത് 1,000 ഫോളോവേഴ്‌സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനിമുതൽ ഇൻസ്റ്റഗ്രാമിലെ 'ലൈവ്' ഫീച്ചർ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇതുവരെ ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്‍റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു.

ഈ തീരുമാനം ഇന്‍സ്റ്റഗ്രാമിലെ ചെറിയ കണ്ടന്‍റ് ക്രിയേറ്റേഴ്സിനെയും സുഹൃത്തുക്കളോടൊപ്പം ലൈവ് സ്ട്രീമിംഗ് ആസ്വദിച്ച ദൈനംദിന ഉപയോക്താക്കളെയും ബാധിക്കാൻ സാധ്യതയുണ്ട്. ടിക് ടോക്ക് ഉപയോക്താക്കൾക്കായി പാലിച്ചിരിക്കുന്ന 1,000 ഫോളോവേഴ്‌സ് നിബന്ധനയെ പ്രതിഫലിപ്പിക്കുന്നതാണ് ഇൻസ്റ്റഗ്രാമിന്‍റെ ഈ നീക്കം. ലൈവ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും എന്നാൽ യോഗ്യത ഇല്ലാത്തവരുമായവർക്ക് ഈ ഫീച്ചർ ഇനി ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന ഒരു അറിയിപ്പ് ഇപ്പോൾ ലഭിക്കും.

ഈ സവിശേഷത ഉപയോഗിക്കുന്നതിനുള്ള ആവശ്യകതകൾ മാറ്റി എന്നും 1,000 അല്ലെങ്കിൽ അതിൽ കൂടുതൽ ഫോളോവേഴ്‌സുള്ള അക്കൗണ്ടുകൾക്ക് മാത്രമേ തത്സമയ വീഡിയോകൾ സൃഷ്ടിക്കാൻ കഴിയൂ എന്നും ഈ അറിയിപ്പിൽ പറയുന്നു. അതേസമയം യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ 50 സബ്‌സ്‌ക്രൈബർമാരിൽ താഴെ മാത്രം ഉള്ള ഉപയോക്താക്കളെ ലൈവ് ചെയ്യാൻ അനുവദിക്കുന്നു. പുതിയ നിയമത്തിന് പിന്നിലെ കാരണം ഇൻസ്റ്റഗ്രാം വ്യക്തമായി പറഞ്ഞിട്ടില്ല. എങ്കിലും ലൈവ് പ്രക്ഷേപണങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും കുറഞ്ഞ വ്യൂവർഷിപ്പ് സ്ട്രീമുകൾ ഹോസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നതായി തോന്നുന്നു.

ഈ മാറ്റം ഇന്‍സ്റ്റ ലൈവ് ഉള്ളടക്കത്തിന്‍റെ ഗുണനിലവാരം ഉയർത്തിയേക്കാമെങ്കിലും, ഇപ്പോഴും തങ്ങളുടെ ഫോളോവേഴ്‌സ് ബേസ് കെട്ടിപ്പടുക്കുന്ന വളർന്നുവരുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്സിന്‍റെ സർഗ്ഗാത്മകതയെയും വളർച്ചയ്ക്കും ഇത് തിരിച്ചടിയാണ്. പുതിയതോ ചെറുതോ ആയ അക്കൗണ്ടുകൾക്ക് ഈ നയം ദോഷം വരുത്തുന്നുവെന്ന് ആശങ്കയും ഉയരുന്നുണ്ട്. ഇത് കാരണം ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം ആണ് ഉയരുന്നത്.

അതേസമയം, പ്രതിഷേധങ്ങൾക്കിടയിലും നയം പഴയപടിയാക്കാനുള്ള പദ്ധതികളൊന്നും ഇൻസ്റ്റഗ്രാം സൂചിപ്പിച്ചിട്ടില്ല. ആവശ്യമായ ഫോളോവേഴ്‌സ് എണ്ണം ഇല്ലാതെ ലൈവ് ആകാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ഇത് അവരുടെ പ്രേക്ഷകരെ വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഇത് ഉപയോക്താക്കളെ അവരുടെ ഫോളോവേഴ്‌സുമായി കൂടുതൽ സജീവമായി ഇടപഴകാൻ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ഊർജ്ജസ്വലമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്യും എന്നും ഇൻസ്റ്റഗ്രാം കരുതുന്നു.

Post a Comment

Previous Post Next Post