ആറളം ഫാമിലും പുനരധിവാസ മേഖലയിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള പദ്ധതി ഓപറേഷൻ ഗജമുക്തി തിങ്കളാഴ്ച തുടങ്ങും. പുനരധിവാസ മേഖലയിലും ഫാമിലും ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇത് ലഘൂകരിക്കുന്നതിന് ആനകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയായ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയക്കുന്നതിനുമുള്ള കർമ പദ്ധതിക്കാണ് ഓപറേഷൻ ഗജമുക്തി എന്ന പേരിൽ വിവിധ വകുപ്പുകളുടേയും പ്രദേശിക സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ തിങ്കളാഴ്ച തുടക്കം കുറിക്കുന്നത്.
ആനകളെ തുരത്തുന്നതിന് ആവശ്യമായ10 വാഹനങ്ങളും ആയുധങ്ങളും ഉൾപ്പെടെ ആവശ്യമായ ഉപകരണങ്ങൾ എല്ലാം വനം വകുപ്പും, ട്രാക്ടർ ആറളം ഫാമിങ് കോർപറേഷനും സജ്ജമാക്കണം. ഡ്രോണും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് കൂട്ടമായും ഒറ്റക്കുമുള്ള ആനകളുടെ സ്ഥാനം നിർണയിക്കും. വിവിധയിടങ്ങളിൽ അനൗൺസ്മെന്റ് നടത്തും. റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട സ്ഥലങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കേണ്ട പ്രദേശങ്ങളെക്കുറിച്ചും പൊലീസിന് വനം വകുപ്പ് നിർദേശങ്ങൾനൽകും. ഇതിനായി പൊലീസ് ആവശ്യമായ വാഹനങ്ങളും സേനയേയും ലഭ്യമാക്കും.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാവിലെ 10ന് സ്കൂൾ തുടങ്ങിയതിനു ശേഷം മാത്രമേ ഡ്രൈവ് ആരംഭിക്കുകയുള്ളൂ. ഓപറേഷൻ സമയത്ത് വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ ഒരു ക്യാമ്പ് ഓപറേഷൻ സൈറ്റിൽ സജ്ജീകരിക്കും. ഫാം ഏരിയയിലെ ആനകളെ പുനരധിവാസ മേഖലയിലേക്ക് തുരത്തിക്കഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ പുനരധിവാസ മിഷൻ ഏരിയയിലെ ആനകളെ വന്യജീവി സങ്കേതത്തിലേക്ക്തുരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മനുഷ്യവാസ മേഖലയായതിനാൽ താമസക്കാർക്ക് രാവും പകലും സുരക്ഷ ഉറപ്പാക്കും. വനത്തിലേക്ക് കയറ്റിയ ആനകൾ തിരികെ പ്രവേശിക്കുന്നത് തയാൻ ആനമതിൽ ഇല്ലാത്ത ഭാഗങ്ങളിൽ വനം വകുപ്പ് പ്രത്യേക പട്രോളിങ് നടത്തും. 28 വനം വകുപ്പു ജീവനക്കാരും ഒമ്പത് സപ്പോർട്ടിങ് സ്റ്റാഫും അടങ്ങുന്ന ടീം ആയിരിക്കും ഓപറേഷന് നേതൃത്വം നൽകുക.
Post a Comment