ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകുമെന്ന് വാഗ്ദാനം ചെയ്ത് മട്ടന്നൂരിലെ ഡോക്ടറുടെ 4.43 കോടി രൂപ തട്ടിയ കേസിൽ രണ്ട് ചെന്നൈ സ്വദേശികൾ അറസ്റ്റിൽ. മങ്ങാട് സൈദ് സാദിഖ് നഗർ സ്വദേശികളായ മഹബൂബാഷ ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അന്വേഷണ സംഘം ചെന്നൈയിലെത്തി പിടികൂടിയത്.
ഇവരുടെ മലയാളിയായ കൂട്ടാളിയെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട തുകയിൽ 40 ലക്ഷത്തോളം രൂപ പിടിയിലായ പ്രതികൾ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എ.ടി.എം വഴി പിൻവലിക്കുകയും ബാക്കി തുക ഇന്റർനെറ്റ് ബാങ്കിങ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അക്കൗണ്ട് നമ്പറുകളും ഫോൺ കാളുകളും ഇ.എം.ഇ.ഐ നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സൈബർ തട്ടിപ്പ് കേസിൽ ഇത്രയും തുക നഷ്ടമാകുന്നത് അപൂർവമാണ്. ഷെയർ ട്രേഡിങ് നടത്തുന്നതിന് പ്രതികള്‍ ഉള്‍പ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിൽ വാൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു പരാതിക്കാരനെക്കൊണ്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നു.
Post a Comment