ഒന്നും സേഫല്ല, ഇന്ത്യക്കാർ ജാഗ്രത; ഹാക്കർമാർ ലക്ഷ്യമിടുന്ന ആഗോള പട്ടികയിൽ ഇന്ത്യ ഒന്നാമത്.

മാൽവെയർ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ അക്രോണിസ് തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാല്‍വെയര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഇന്ത്യ ബ്രസീലിനെയും സ്പെയിനിനെയും പിന്നിലാക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അതായത് എഐ മൂലമാണ് റാൻസംവെയർ ആക്രമണങ്ങൾ വർധിച്ചതെന്ന് അക്രോണിസിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോ സിസ്റ്റം ഒരേസമയം നിരവധി പ്രധാന ഭീഷണികൾ നേരിടുന്നുണ്ടെന്നും ഇവ ഒരുമിച്ച് ഒരു ഭയാനകമായ സാഹചര്യം സൃഷ്‍ടിക്കുമെന്നും സ്വിസ് സൈബർ സുരക്ഷാ സ്ഥാപനമായ അക്രോണിസ് സൈബർത്രെറ്റ്‌സ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഒരു ദശലക്ഷത്തിലധികം ആഗോള ഡിവൈസുകളിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ മെയ് മാസത്തിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 12.4 ശതമാനം ഡിവൈസുകളിലും മാൽവെയർ കണ്ടെത്തി. അതായത് ഏറ്റവും കൂടുതൽ സൈബർ അപകടങ്ങൾ സംഭവിക്കുന്നത് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരിലാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂണിൽ ഈ കണക്ക് 13.2 ശതമാനമായി വർധിച്ചു. ഔദ്യോഗിക ഇമെയിലുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ 2024-ന്‍റെ തുടക്കത്തിൽ 20 ശതമാനത്തിൽ നിന്ന് 2025-ന്‍റെ ആദ്യ പകുതിയിൽ 25.6 ശതമാനമായി വർധിച്ചു.

ക്രെഡിറ്റ് കാർഡുകൾ, പാസ്‌വേഡുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്നതിന് സൈബർ കുറ്റവാളികൾ എഐ ടൂളുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജനറേറ്റീവ് എഐ സാങ്കേതികവിദ്യ സൈബർ കുറ്റവാളികൾക്കുള്ള ആയാസങ്ങള്‍ കുറയ്ക്കുകയും, ആക്രമണം കൂടുതൽ എളുപ്പമാക്കുകയും ചെയ്തു. ഇതുമൂലം ഫിഷിംഗ് ഇമെയിലുകൾ, വ്യാജ ഇൻവോയ്‌സുകൾ, ഡീപ്ഫേക്ക് അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകൾ എന്നിവ കണ്ടെത്തുന്നത് ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടായിരിക്കുന്നതായി അക്രോണിസിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. Cl0p, അകിര, Qilin പോലുള്ള റാൻസംവെയർ പോർട്ടലുകൾ ലോകമെമ്പാടും അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ കുറ്റവാളികൾ മാൽവെയർ പ്രചരിപ്പിക്കുന്നതിന് റിമോട്ട് മാനേജ്‌മെന്‍റ് സോഫ്റ്റ്‌വെയർ പോലുള്ള ടൂളുകളും കൂടുതലായി ഉപയോഗിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

Post a Comment

Previous Post Next Post