പൂനൂർ കരിങ്കാളിയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകൾ മാനസിക പീഡനത്തിന് ഇരയായതായും, ഭർത്താവ് ശ്രീജിത്ത് ജിസ്നയെ ക്രൂരമായി മർദിച്ചതായും കുടുംബം ആരോപിച്ചു. യുവതിയുടെ മരണത്തിന് ശേഷം ഭർതൃവീട്ടുകാർ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ട് പോലുമില്ല എന്നും യുവതിയുടെ കുടുംബം പറഞ്ഞു.
സാമ്പത്തിക ഇടപാടിന്റെ പേരിൽ ഭർതൃ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം പോലും ജിസ്നയ്ക്ക് ഇല്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നൽകി.
ഇന്നലെ വൈകുന്നേരത്തോടയാണ് പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ് ജിസ്ന. മൂന്നുവര്‍ഷം മുമ്പാണ് ജിസ്നയുടെയും ശ്രീജിത്തിന്റെയും വിവാഹം കഴിഞ്ഞത്. ഓട്ടോ ഡ്രൈവറാണ് ജിസ്നയുടെ ഭര്‍ത്താവ്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment