കൃത്യമായ ആസൂത്രണത്തിലൂടെ പ്രാദേശിക വികസനം യഥാർഥ്യമാക്കുന്ന കോട്ടൂർ പഞ്ചായത്ത് കേരളത്തിന് മാതൃകയെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വയലപ്പീടിക റോഡും ഇടിഞ്ഞ കടവ് പാലവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പഞ്ചായത്തിന് പാലം നിർമ്മിക്കാനായത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അധികാര വികേന്ദ്രീകരണം മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. അഞ്ച് ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിലൂടെ നിർമിക്കാൻ സാധിച്ചു. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സർക്കാർ. ഏറ്റവും കൂടുതൽ ടാറിട്ട ഗ്രാമീണ റോഡുകൾ ഉള്ള സംസ്ഥാനമാണ് കേരളം. തോരായിക്കടവ് പാലം തകർന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളുടെയും യോഗങ്ങളുടെയും അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. തെറ്റായ പ്രവണതകളോടും കൃത്യവിലോപങ്ങളോടും സന്ധിയില്ലാത്ത പോരാട്ടം സർക്കാർ തുടരുമെന്നും മന്ത്രി പറഞ്ഞു.
1.21 കോടി രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. 39.73 ലക്ഷമാണ് പാലത്തിന്റെ നിർമാണ ചെലവ്. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തിയാണ് പദ്ധതി യഥാർഥ്യമായത്.
തൃക്കുറ്റിശ്ശേരിയിൽ നടന്ന ചടങ്ങിൽ കെ എം സച്ചിൻദേവ് എം എൽ എ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, വൈസ് പ്രസിഡന്റ് എം കെ വിലാസിനി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ഷൈൻ, സിന്ധു കൈപ്പങ്ങൽ, കെ കെ സിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതനപ്പറ്റ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കൊല്ലരുകണ്ടി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment