മസ്‌കിന്‍റെ അഭിമാന വാഹനത്തിലേറി ബഹിരാകാശം തൊടാൻ ശുഭാംശു ശുക്ല; എന്താണ് സ്പേസ് എക്സ് ഡ്രാഗൺ പേടകം? സവിശേഷതകൾ.

ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പറക്കാൻ ഇനി ഒരു നാൾ മാത്രം. ശുഭാംശു ശുക്ലയുടെ ആക്സിയം 4 ദൗത്യത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ദൗത്യം ആക്സിയം സ്പേസിന്‍റേതാണെങ്കിലും യാത്രാ പേടകവും റോക്കറ്റുമൊക്കെ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന്‍റെത് തന്നെ. വിക്ഷേപണത്തിനായി പുത്തൻ ഡ്രാഗൺ പേടകവും ഫാല്‍ക്കണ്‍ 9 റോക്കറ്റും ലോഞ്ച് പാഡിൽ തയ്യാറാണ്. ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കുന്ന ഡ്രാഗൺ എന്ന യാത്രാ പേടകത്തെ വിശദമായി പരിചയപ്പെടാം.

സ്പേസ് എക്സിന്‍റെ സ്വന്തം ബഹിരാകാശ യാത്രാ പേടകമാണ് ഡ്രാഗൺ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ കൊണ്ടുപോയ ആദ്യ സ്വകാര്യ യാത്രാ വാഹനമാണിത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിന്‍റെ ഉത്പന്നമാണ് ഡ്രാഗൺ.

2011-ൽ സ്പേസ് ഷട്ടിൽ പദ്ധതി അവസാനിപ്പിച്ച ശേഷം സ്വകാര്യ കമ്പനികളെ നാസ ബഹിരാകാശ യാത്രാ പേടകങ്ങളുണ്ടാക്കാൻ ക്ഷണിച്ചു. ആ പദ്ധതിയിൽ കരാർ കിട്ടിയ രണ്ടു കമ്പനികൾ സ്പേസ് എക്സും ബോയിംഗുമാണ്. സ്പേസ് എക്സിന്‍റെ പേടകം ഡ്രാഗൺ എന്നും ബോയിംഗിന്‍റേത് സ്റ്റാർലൈനർ എന്നും അറിയപ്പെടുന്നു. ഡ്രാഗൺ തയ്യാറാകും വരെ റഷ്യയുടെ സൊയൂസ് പേടകങ്ങളിലായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എല്ലാ മനുഷ്യയാത്രാ ദൗത്യങ്ങളും. ഇപ്പോള്‍ ഐഎസ്എസിലേക്ക് നാസയുടെ ദൗത്യങ്ങളിലെ പ്രധാന യാത്രാ വാഹനമാണ് ഡ്രാഗണ്‍.

8.1 മീറ്റർ ഉയരം, 4 മീറ്റ‌‌ർ വ്യാസം, വിക്ഷേപണ സമയത്ത് ഇന്ധനമടക്കം 12500 കിലോഗ്രാം ഭാരം... ഇതാണ് സ്പേസ് എക്സ് നിര്‍മ്മിച്ച ഡ്രാഗണ്‍ പേടകത്തിന്‍റെ അളവുകള്‍. ആറായിരം കിലോഗ്രാം ഭാരം വഹിക്കാൻ കെൽപ്പുണ്ട് ഡ്രാഗണ്‍ പേടകത്തിന്. ഏഴ് യാത്രക്കാർക്ക് സഞ്ചരിക്കാൻ പാകത്തിനാണ് ഡിസൈൻ ചെയ്യപ്പെട്ടതെങ്കിലും നാല് പേരെ മാത്രമേ ഒരു ദൗത്യത്തിൽ അയക്കാറുള്ളൂ. ഡ്രാഗൺ എന്നാൽ ഒരൊറ്റ പേടകത്തിന്‍റെ പേരല്ല. ഒരു ശ്രേണിയിൽപ്പെട്ട പേടകങ്ങളുടെ പൊതു പേരാണ്. നമ്മൾ കാറുകളുടെ കാര്യം പറയും പോലെ തന്നെയാണിത്. മാരുതിയുടെ ആൾട്ടോ, ടൊയോട്ടയുടെ ഇന്നോവ എന്നൊക്കെ പറയും പോലെയാണ് സ്പേസ് എക്സിന്‍റെ ഡ്രാഗൺ എന്ന വിശേഷണവും.

കാ‌ർ കമ്പനികൾ ഒരു മോഡലിൽ ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ ലക്ഷകണക്കിനോ കാറുകൾ ഇറക്കുന്നുണ്ടാകാം. പക്ഷേ, ബഹിരാകാശയാത്രാ പേടകങ്ങളുടെ കാര്യത്തിൽ ഒരു മോഡലിൽ വിരലിൽ എണ്ണാവുന്ന പേടകങ്ങളെ ഉണ്ടാകൂ. ഡ്രാഗൺ വൺ, ഡ്രാഗൺ 2 എന്നിങ്ങനെ രണ്ട് മോഡൽ ഡ്രാഗണുകളാണ് സ്പേസ് എക്സ് നി‌ർമ്മിച്ചിട്ടുള്ളത്. അതിൽ ഡ്രാഗൺ വൺ സീരീസ് മനുഷ്യ യാത്രയ്ക്കുള്ള പേടകങ്ങളായിരുന്നില്ല. അവയെ പൂ‌‌ർണമായി റിട്ട‌യർ ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഉപയോഗത്തിലുള്ളത് ഡ്രാഗൺ 2 സീരീസാണ്. ഡ്രാഗൺ 2 സീരീസിൽ തന്നെ രണ്ട് മോഡലുകളുണ്ട്. ക്രൂ ഡ്രാഗണും, കാ‌ർഗോ ഡ്രാഗണും. പേര് സൂചിപ്പിക്കും പോലെ തന്നെ ഒന്ന് മനുഷ്യരെക്കൊണ്ടുപോകുന്ന പേടകമെങ്കില്‍ രണ്ടാമത്തേത് കാ‌‌ർഗോയാണ്. കാര്‍ഗോ എന്നാല്‍ ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ കൊണ്ടുപോകാനുള്ള പേടകം.

ഡ്രാഗൺ 2 സീരീസിൽ ഇതുവരെ നിർമ്മിച്ചത് 13 പേടകങ്ങളാണ്. അതിൽ 7 എണ്ണം ക്രൂ പേടകങ്ങളും 3 എണ്ണം കാ‌ർഗോ പേടകങ്ങളും ഉള്‍പ്പെടുന്നു. പിന്നെ മൂന്ന് പ്രോട്ടടൈപ്പുകളും സ്പേസ് എക്സ് തയ്യാറാക്കി. ഇപ്പോഴും ഉപയോഗത്തിലുള്ളത് ഇവയില്‍ 9 എണ്ണമാണ്. അതിൽ 5 എണ്ണം ക്രൂ പേടകങ്ങളും 3 എണ്ണം കാർഗോയുമാണ്, ഒരെണ്ണം പ്രോട്ടോടൈപ്പ്. ഡ്രാഗൺ പേടകങ്ങൾ പുനരുപയോഗിക്കാൻ വേണ്ടി നിർമ്മിച്ചവയാണ്. അതായത് ഒരേ പേടകം വീണ്ടും വീണ്ടും ഉപയോഗിക്കാം.

മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ആദ്യ ക്രൂ ഡ്രാഗൺ യാത്ര 2020 മെയ് 30-നായിരുന്നു. രണ്ട് യാത്രക്കാരുമായി 64 ദിവസം നീണ്ട ദൗത്യമായിരുന്നുവത്. ഇപ്പോൾ ഡ്രാഗൺ ദൗത്യങ്ങൾ സ‌ർവ്വസാധാരണമായിരിക്കുന്നുവെന്ന് പറയാം. ക്രൂ ഡ്രാഗൺ വിഭാഗത്തിൽ ഉപയോഗത്തിലുള്ള നാല് പേടകങ്ങൾ ചുവടെ പറയുന്നവയാണ്.

1. സി 206 എൻഡവർ- അഞ്ച് ദൗത്യങ്ങൾ

2. സി 207 റിസൈലിയൻസ്- നാല് ദൗത്യങ്ങൾ

3. സി 210 എൻഡ്യൂറെൻസ്- നാല് ദൗത്യങ്ങൾ

4. സി 212 ഫ്രീഡം- നാല് ദൗത്യങ്ങൾ

പക്ഷേ, ഇതിലൊന്നുമല്ല ശുഭാംശു ശുക്ലയും ആക്സിയം 4 സംഘവും പോകുന്നത്. സ്പേസ് എക്സിന്‍റെ പുതു പുത്തൻ ഡ്രാഗണ്‍ പേടകമായ സി 213-ലാണ് ആക്സിയം 4 ദൗത്യാംഘങ്ങളുടെ യാത്ര. ഈ പേടകത്തിന് പേരിടുക ഇതിലെ ആദ്യ യാത്രാ സംഘമായ ആക്സിയം 4 ക്രൂ തന്നെയാകും.

ക്രൂ ആയാലും കാർഗോ ആയാലും ഡ്രാഗൺ 2 സീരിസിലെ പേടകങ്ങൾക്ക് രണ്ട് ഭാഗങ്ങളുണ്ട്. യാത്രക്കാർ ഇരിക്കുകയും ആവശ്യമുള്ള പ്രധാനപ്പെട്ട സാങ്കേതിക സംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ക്രൂ മൊഡ്യൂളും, സോളാർ പാനലുകളുള്ള ട്രങ്ക് എന്ന ഭാഗവും. ഡ്രാഗൺ വൺ സീരിസിൽ സോളാർ പാനലുകൾ മടക്കിവയ്ക്കുന്ന തരത്തിലായിരുന്നു, ഡ്രാഗൺ 2-വിൽ അതിന് പകരം അതിനെ ട്രങ്കിന്‍റെ പകുതി ഭാഗത്തായി ഒട്ടിച്ചുവച്ചിരിക്കുകയാണ്.

 മറുപകുതിയിൽ കാണുന്ന വെളുത്ത ഭാഗം റേഡിയേറ്റർ പാനലുകളാണ്. പേടകത്തിന്‍റെ ചൂട് നിയന്ത്രിക്കാനാണ് ഇവ. ഡ്രാഗണിന്‍റെ ട്രങ്ക് ഓരോ ദൗത്യം കഴിയുമ്പോഴും ഉപേക്ഷിക്കപ്പെടുന്ന ഭാഗമാണ്. തിരിച്ചിറങ്ങുമ്പോൾ ക്രൂ മൊഡ്യൂളും ട്രങ്കും തമ്മിൽ വേര്‍പ്പെടും. ട്രങ്ക് അന്തരീക്ഷത്തിൽ വച്ച് കത്തിത്തീരുന്നതാണ് രീതി. റോക്കറ്റിനെയും പേടകത്തെയും തമ്മിൽ ചേ‌‌‌‌ർക്കുന്നതും ട്രങ്കിലൂടെയാണ്. സ്പേസ് എക്സിന്‍റെ തന്നെ ഫാൽക്കൺ 9 റോക്കറ്റുപയോഗിച്ച് മാത്രമാണ് ഡ്രാഗൺ പേടകങ്ങളെ ബഹിരാകാശത്തേക്ക് അയക്കാറ്.

Post a Comment

Previous Post Next Post