വടക്കന്‍ കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്.

കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

അതിതീവ്ര മഴ പ്രവചിച്ചിട്ടുള്ള ജില്ലകളിൽ, അതായത് റെഡ് അലർട്ട് ഉള്ള ജില്ലകളിൽ കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കുമുള്ള സാധ്യതയാണ് ഇത് മുന്നോട്ടുവെക്കുന്നത്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post