ആധാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച് സുപ്രീം കോടതി; 'ആധാര്‍ കാര്‍ഡ് പൗരത്വത്തിന്‍റെ നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല'.

ആധാര്‍ കാര്‍ഡ് പൗരത്വത്തിന്‍റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന വാദം ശരിയെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ശരിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാർ കാർഡിൽ പരിശോധന വേണ്ടിവരുമെന്നും വാക്കാൽ നിർദേശിച്ചു. വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കുമ്പോഴും അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നും കൃത്യമായ പരിശോധന അതിന് ആവശ്യമാണെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. വോട്ടര്‍ പട്ടികയുടെ പരിശോധനക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോയെന്നാണ് നോക്കേണ്ടതെന്നും അങ്ങനെയുണ്ടെങ്കിൽ അത്തരം നടപടിക്ക് തടസം നിൽക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയിൽ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

1950നുശേഷം ഇന്ത്യയിൽ ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണെന്നും എന്നാൽ, ഇപ്പോഴത്തെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ പൗരത്വം നൽകാനുള്ള ഏജൻസിയാക്കി മാറ്റരുതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കേസിൽ നാളെയും വാദം തുടരും.



Post a Comment

Previous Post Next Post