ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത യുവാവ് ചെങ്കുത്തായ മലഞ്ചെരുവിൽ അകപ്പെട്ടു.

ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത യുവാവ് ചെങ്കുത്തായ മലഞ്ചെരുവിൽ അകപ്പെട്ടു. കൊടുമൺ സ്വദേശിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ഷൈബിയാണ് നൂറനാട് മറ്റപ്പള്ളി കരിമാൻകാവിലെ റബ്ബർ എസ്റ്റേറ്റിൽ അപകടത്തിൽപ്പെട്ടത്. തിരിയേണ്ട വഴിയിൽ നിന്നും അല്പം മുന്നോട്ട് പോയി തിരിഞ്ഞതാണ് കുഴപ്പമായത്.

 ചെങ്കുത്തായ മലയിൽ പെട്ടതോടെ കാർ ഡ്രൈവർ ഫയർഫോഴ്സിനെ വിളിച്ചു. കാർ പോകുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൃത്യമായ സ്ഥലം അഗ്നിരക്ഷാസേനയെ അറിയിച്ചു. തുടർന്ന്, അടൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വടവും ഓഫ്‌റോഡ് വാഹനവും ഉപയോഗിച്ച് കാർ പിന്നോട്ടെടുത്തായിരുന്നു രക്ഷപ്പെടുത്തിയത്. അവധികഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് ഷൈബി ചെങ്കുത്തായ മലഞ്ചെരുവിൽ അകപ്പെട്ടത്.

 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടുകൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച് കുടശ്ശനാട്ടേക്ക് എളുപ്പമാർഗത്തിലൂടെ പോകുകയായിരുന്നു. ഇതിനിടെയാണ് വഴിതെറ്റി ആദിക്കാട്ടുകുളങ്ങരയിൽ നിന്നു കരിമാൻകാവ് അമ്പലത്തിനു സമീപത്തുകൂടി മറ്റപ്പള്ളി മലയിലെ റബ്ബർ എസ്റ്റേറ്റിലേക്കു പോയത്. വഴിതെറ്റിയെന്നു മനസ്സിലാക്കിയപ്പോൾ കാർ തിരിക്കാനായി മുന്നോട്ടുപോവുകയും 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയും ചെയ്തിരുന്നു.

ഈ സ്ഥലത്ത് മുൻപും വാഹനങ്ങൾ വഴിതെറ്റി വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ മുമ്പ് മൂന്നു വാഹനങ്ങൾ തലകീഴായി മറിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നിർദേശത്തെത്തുടർന്ന് സീനിയർ ഫയർ ഓഫീസർ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സേനയെത്തിയത്. ഡ്രൈവർ സജാദ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സാനിഷ്, ദീപേഷ്, ഹോം ഗാർഡ് പി.എസ്. രാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post