കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് - ധർമ്മടം ബീച്ച് സമഗ്രവികസന പദ്ധതി ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നാണ് മുഴപ്പിലങ്ങാട്. ഇവിടുത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും വിധം മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ച്, ധർമ്മടം ഐലന്റ് എന്നിവയുടെ വികസനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ക്യാരക്ടർ ഏരിയകളായി തരംതിരിച്ചാണ് 233 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 62 കോടി രൂപയുടെ ആദ്യ ക്യാരക്ടർ ഏരിയയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ മുഴപ്പിലങ്ങാട് ബിച്ചിൽ വാക്ക് വേ, കിഡ്സ് പ്ലേ ഏരിയ, റിഫ്രഷ്മെന്റ് സെന്ററുകൾ, പാർക്കിംഗ് സൗകര്യം, സീറ്റിംഗ് ഏരിയ, ടോയ്ലറ്റ്, കിയോസ്ക് എന്നിവ ഒരുക്കി. ധർമ്മടം ബീച്ചിൽ ആധുനിക ടൂറിസം സൗകര്യങ്ങളും ധർമ്മടം ഐലന്റിൽ ഒരു നേചർ ഹബും ഒരുക്കും. അണ്ടർ വാട്ടർ സ്കൾപ്ചർ ഗാർഡൻ, എലവേറ്റഡ് നേചർ വാക്ക് എന്നിവ നിർമ്മിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ദ്വീപിലേക്കുള്ള പ്രവേശന സാധ്യതകളും പരിശോധിക്കുന്നുണ്ട്.
പാരിസ്ഥിതിക ഘടകങ്ങളെ കൂടി സംരക്ഷിച്ചുകൊണ്ടാണ് വിനോദസഞ്ചാര മേഖലയെ കൂടുതൽ ആകർഷണീയമാക്കുന്നത്. പദ്ധതി കേരളത്തിന്റെയും, വിശേഷിച്ച് കണ്ണൂരിന്റെയും വടക്കൻ മലബാറിന്റെയും ടൂറിസം വികസന രംഗത്ത് ഒരു നാഴികക്കല്ലാകും.
Post a Comment