ആരോഗ്യരംഗത്ത് കേരളത്തിന്റെ അഭിമാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈറൽ രോഗങ്ങളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകുമ്പോൾ രോഗബാധിത സ്ഥലങ്ങളിൽ നിന്ന് സാമ്പിൾ ശേഖരണം ക്രമീകരിക്കുന്നതിനും ഉചിതമായ സാഹചര്യങ്ങളിൽ സാമ്പിളുകൾ പരിശോധനാ സൗകര്യത്തിലേക്ക് മാറ്റുന്നതിനും ഈ യൂണിറ്റ് സഹായകരമാകും.
സാമ്പിൾ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിർണയം, കോൾഡ് ചെയിൻ സാഹചര്യങ്ങളിൽ സാമ്പിളുകൾ കൂടുതൽ പഠനങ്ങൾക്കായി ശേഖരിക്കൽ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും അവ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള സംഘവും യൂണിറ്റിന്റെ ഭാഗമാണ്.
ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റ് വഴി ദ്രുതപ്രതികരണം, പരിശോധന, നിർണായക മെഡിക്കൽ ഇടപെടലുകൾ എന്നിവ ഉറപ്പാക്കാനും ഇതുവഴി സാധിക്കും. പകർച്ചവ്യാധികൾ തടയുന്നതിനായി കേരളം നടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്ന ഒന്നായിരിക്കും ഈ മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ്.
Post a Comment