ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന, ഐഎസ്ആര്‍ഒ-യുടെ ഡോക്കിംഗ് മിഷന്‍- 'സ്‌പേഡെക്സ്' നാളെ വിക്ഷേപിക്കും; ‌പ്രതീക്ഷയോടെ രാജ്യം.

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന, ഐഎസ്ആര്‍ഒ യുടെ ഡോക്കിംഗ് മിഷന്‍-'സ്‌പേഡെക്സ്' നാളെ വിക്ഷേപിക്കും.പി.എസ്.എല്‍.വി സി-60 വിക്ഷേപണ വാഹനമാണ് 'സ്‌പേഡെക്സ്' മിഷന്‍ ഉപഗ്രഹങ്ങളെ വഹിക്കുക. നാളെ രാത്രി 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. 

രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സ‍ര്‍ക്കുലര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. SDX 01 - ചേസര്‍, SDX 02 ടാര്‍ഗറ്റ് എന്നിവയാണ് ഉപഗ്രഹങ്ങള്‍. സ്‌പേഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സംവിധാനമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 220 കിലോ ഗ്രാം ഭാരമാണ് ഓരോ പേടകത്തിനും ഉള്ളത്. ഒരുമിച്ച് വിക്ഷേപിച്ച ശേഷം ഈ പേടകങ്ങള്‍ തമ്മിലുള്ള അകലം പതിയെ കുറച്ചു കൊണ്ടുവന്നാണ് കൂട്ടിയോജിപ്പിക്കുക. 

ഇന്ധനവും ഊര്‍ജ്ജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സാധിക്കും. 66 ദിവസം കൊണ്ടാകും പരീക്ഷണം പൂ‍ര്‍ത്തിയാവുക. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്തില്‍ വച്ച് കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ചരിത്രപരമായ ദൗത്യമായിരിക്കും ഐഎസ്ആര്‍ഒ പൂര്‍ത്തീകരിക്കുകയെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങ് പറഞ്ഞു.


Post a Comment

Previous Post Next Post