മിഗ്‌ചോം ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും കനത്ത ജാഗ്രത; ശക്തമായ മഴയിൽ ചെന്നൈയില്‍ ജനജീവിതം തടസ്സപ്പെട്ടു.

മിഗ്‌ചോം ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു. ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും തമിഴ്നാടിന്റെ വടക്കൻ മേഖലകളിലും കനത്ത മഴ തുടരുകയാണ്. മഴയിൽ ചെന്നൈ നഗരത്തിൽ ജനജീവിതം സ്‌തംഭിച്ചു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അവശ്യ സേവനങ്ങള്‍ക്ക് അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വ്യോമ, റെയിൽ, റോഡ് ഗതാഗതം തടസ്സപെട്ടു. വൈദ്യുതി ബന്ധം തകരാറിലായി. 23 വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും 32 വിമാനങ്ങളുടെ സര്‍വ്വീസ് മാറ്റി വക്കുകയും ചെയ്തതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നാളെ ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരംതൊടുമെന്നു കാലാവസ്ഥാവകുപ്പ് അറിയിച്ചു.

രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ 11 ജില്ലകളിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി ഉന്നതതല യോഗം ചേർന്നു. മൽസ്യ ബന്ധനത്തിനു വിലക്കുണ്ട്.

Post a Comment

Previous Post Next Post