തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്. നറുക്കെടുപ്പിന് 4 ദിവസം ബാക്കിനിൽക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നറുക്കെടുപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഭാഗ്യാന്വേഷികൾക്ക് ടിക്കറ്റ് കിട്ടാൻ ഇനി വലിയ പാടാകും. സർക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്.
30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പർ നറുക്കെടുപ്പ് 26 ന് കെ മുരളീധരൻ നിർവഹിക്കും. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്.
കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. സമ്മാനം ലഭിച്ചുവെന്ന പേരിൽ രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജി എസ് ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവയ്ക്കായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം.
ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒ ടി പി, യു പി ഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണം.
Post a Comment